ഇന്ത്യക്ക് മേൽ പിടി മുറുക്കുമോ ട്രംപ്? പുതിയ നിയമം പാസാക്കി അമേരിക്ക, റഷ്യയില് നിന്ന് എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്ക് ആശങ്ക

വാഷിങ്ടൺ / ന്യൂഡൽഹി: റഷ്യയിൽ നിന്ന് ക്രൂഡ് ഓയിലും പ്രകൃതിവാതകവും വാങ്ങുന്നത് തുടരുന്ന രാജ്യങ്ങൾക്കെതിരെ കടുത്ത സാമ്പത്തിക ഉപരോധത്തിനൊരുങ്ങി അമേരിക്ക. റഷ്യൻ ഊർജം ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് 100 ശതമാനം വരെ ഉയർന്ന ഇറക്കുമതി തീരുവ ചുമത്താൻ വ്യവസ്ഥ ചെയ്യുന്ന ‘ലിൻഡ്സെ ഒ. ഗ്രഹാം സാങ്ഷനിങ് റഷ്യ ആക്ട്’ അമേരിക്കൻ സെനറ്റ് പാസാക്കി. പുതിയ നീക്കം ഇന്ത്യയുടെ കയറ്റുമതി മേഖലയിൽ വലിയ പ്രത്യാഘാതമുണ്ടാക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ.
സെനറ്റിൽ ഭരണ-പ്രതിപക്ഷ ഭേദമന്യേ വൻ ഭൂരിപക്ഷത്തോടെയാണ് ബിൽ പാസാക്കപ്പെട്ടത്. വെറും 11 സെനറ്റർമാർ മാത്രമാണ് ബില്ലിനെ എതിർത്തത്. പ്രസിഡന്റ് ഡോണാൾഡ് ട്രംപും പുതിയ നിയമനിർമാണത്തിന് പൂർണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. റഷ്യയിൽ നിന്ന് ഏറ്റവും കൂടുതൽ ഊർജ വിഭവങ്ങൾ വാങ്ങുന്ന ആദ്യ അഞ്ച് രാജ്യങ്ങളെ ലക്ഷ്യമിട്ടാണ് ബിൽ തയ്യാറാക്കിയിരിക്കുന്നത്. ഉപരോധങ്ങൾ മറികടക്കാൻ റഷ്യയെ സഹായിക്കുന്ന രാജ്യങ്ങൾക്കെതിരെയും പുതിയ നിയമപ്രകാരം കർശന നടപടിയുണ്ടാകും.
ഇന്ത്യക്ക് ആശങ്കയേറുന്നു
അമേരിക്കൻ നീക്കം ഏറ്റവും കൂടുതൽ ബാധിക്കുക ഇന്ത്യയെയായിരിക്കും. പശ്ചിമേഷ്യയിലും ചെങ്കടലിലും ഉടലെടുത്ത സംഘർഷങ്ങളെ തുടർന്ന് ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള ചരക്കുനീക്കം തടസ്സപ്പെട്ടതോടെയാണ് ഇന്ത്യ റഷ്യൻ എണ്ണയെ കൂടുതൽ ആശ്രയിക്കാൻ തുടങ്ങിയത്. കമ്മോഡിറ്റി അനലിറ്റിക്സ് സ്ഥാപനമായ കെപ്ലറുടെ കണക്കനുസരിച്ച്, ജൂലൈ മാസത്തിൽ പ്രതിദിനം 2.78 ദശലക്ഷം ബാരൽ റഷ്യൻ എണ്ണയാണ് ഇന്ത്യ ഇറക്കുമതി ചെയ്തത്. ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കാണിത്.
ഇന്ത്യയുടെ മൊത്തം അസംസ്കൃത എണ്ണ ഇറക്കുമതിയുടെ (പ്രതിദിനം 4.96 ദശലക്ഷം ബാരൽ) പകുതിയിലധികവും നിലവിൽ റഷ്യയിൽ നിന്നാണ് എത്തുന്നത്. റഷ്യക്ക് മേൽ പാശ്ചാത്യ രാജ്യങ്ങൾ വിലക്കേർപ്പെടുത്തിയതിന് ശേഷം ചൈനക്കൊപ്പം റഷ്യൻ എണ്ണയുടെ പ്രധാന ഉപഭോക്താക്കളായി ഇന്ത്യ മാറിയിരുന്നു.
കയറ്റുമതി തകർച്ചയിലേക്ക്?
ഇന്ത്യയുടെ ഏറ്റവും വലിയ കയറ്റുമതി വിപണിയാണ് അമേരിക്ക. പുതിയ നിയമം പ്രാബല്യത്തിൽ വരുന്നതോടെ ഇന്ത്യയിൽ നിന്നുള്ള എഞ്ചിനീയറിംഗ് ഉൽപ്പന്നങ്ങൾ, മരുന്നുകൾ, തുണിത്തരങ്ങൾ, ഇലക്ട്രോണിക്സ് എന്നിവയ്ക്ക് അമേരിക്കയിൽ 100 ശതമാനം വരെ നികുതി നൽകേണ്ടി വരും. ഇത് ഇന്ത്യൻ ഉൽപ്പന്നങ്ങളുടെ വില വർധിപ്പിക്കുകയും വിപണിയിൽ വൻ തിരിച്ചടിയുണ്ടാക്കുകയും ചെയ്യും. ഊർജ സുരക്ഷയും വ്യാപാര താല്പര്യങ്ങളും ഒരുപോലെ സംരക്ഷിക്കേണ്ട കടുത്ത നയതന്ത്ര വെല്ലുവിളിയാണ് കേന്ദ്ര സർക്കാറിന് മുന്നിലുള്ളത്.
