കോഴിക്കോട് നിന്ന് പോയ കെഎസ്ആർടിസി ബസ് ബിടതിയിൽ തലകീഴായി മറിഞ്ഞു; ഡ്രൈവറും കണ്ടക്ടറും മരിച്ചു, നിരവധി യാത്രക്കാർക്ക് പരിക്ക്

കോഴിക്കോട്: കോഴിക്കോട്ടുനിന്ന് ബെംഗളൂരുവിലേക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി സൂപ്പർ ഡീലക്സ് ബസ് അപകടത്തിൽപ്പെട്ട് ഡ്രൈവറും കണ്ടക്ടറും മരിച്ചു. ഡ്രൈവർ കോഴിക്കോട് സ്വദേശി ബിജിലേഷ്, കണ്ടക്ടർ അരുൺ എന്നിവരാണ് മരിച്ചത്. അപകടത്തിൽ നാലുപേർക്ക് ഗുരുതരമായി പരിക്കേറ്റു. ബസിലുണ്ടായിരുന്ന 20-ഓളം യാത്രക്കാർക്കും പരിക്കേറ്റിട്ടുണ്ട്.
ഇന്ന് പുലർച്ചെ ബെംഗളൂരുവിന് 30 കിലോമീറ്റർ അകലെ രാമനഗര ബിഡതിയിലാണ് ദാരുണമായ സംഭവം. നിയന്ത്രണംവിട്ട ബസ് ദേശീയപാതയിലെ കമാനത്തിലേക്ക് ഇടിച്ചുകയറി തലകീഴായി മറിയുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ ഡ്രൈവർ ബിജിലേഷ് സംഭവസ്ഥലത്തുതന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ കണ്ടക്ടർ അരുണിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരണം സംഭവിച്ചത്. പരിക്കേറ്റ യാത്രക്കാരിൽ ഒരാളുടെ കാൽ വേർപെട്ടു. തലയ്ക്കും കൈകാലുകൾക്കും പരിക്കേറ്റ മറ്റു യാത്രക്കാരെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ രാത്രിയാണ് ബസ് കോഴിക്കോട്ടുനിന്ന് പുറപ്പെട്ടത്. അപകടസമയത്ത് 25-ഓളം യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. ഡ്രൈവർ ഉറങ്ങിപ്പോയതാണോ അതോ അമിതവേഗതയാണോ അപകടത്തിന് കാരണമായതെന്ന് വ്യക്തമല്ല. സംഭവത്തിൽ പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.
