വടക്കൻ ജില്ലകളിൽ അതിതീവ്ര മഴ മുന്നറിയിപ്പ്; 4 ജില്ലകളിൽ റെഡ് അലർട്ട്, 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വടക്കൻ ജില്ലകളിൽ പ്രകൃതിയുടെ കലിതുള്ളൽ തുടരുന്ന സാഹചര്യത്തിൽ വരും മണിക്കൂറുകളിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ജാഗ്രതയുടെ ഭാഗമായി കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ റെഡ് അലർട്ടും പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു. മറ്റു ജില്ലകളിൽ യെല്ലോ അലർട്ട് നിലവിലുണ്ടെന്നും നാളെ പത്ത് ജില്ലകളിൽ യെല്ലോ അലർട്ടായിരിക്കുമെന്നും അധികൃതർ അറിയിച്ചു. പശ്ചിമബംഗാളിനും ബംഗ്ലാദേശിനും മുകളിലായി രൂപപ്പെട്ട ചക്രവാതച്ചുഴി അടുത്ത മണിക്കൂറുകളിൽ വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന് മുകളിൽ ന്യൂനമർദ്ദമായി മാറാൻ സാധ്യതയുള്ളതാണ് സംസ്ഥാനത്ത് മഴ കനക്കാൻ കാരണം. കേരള തീരത്ത് ശക്തമായ കാറ്റിനും ഉയർന്ന തിരമാലകൾക്കും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ ഒരു കാരണവശാലും കടലിൽ പോകരുതെന്നും മലയോര-തീരദേശവാസികൾ അതീവ ജാഗ്രത പാലിക്കണമെന്നും ദുരന്തനിവാരണ അതോറിറ്റി നിർദ്ദേശം നൽകി.
