അതിർത്തി പ്രശ്നങ്ങളിൽ ഇന്ത്യ-ചൈന ചർച്ച; നയതന്ത്ര-സൈനിക സംവിധാനങ്ങൾ തുടരും

ന്യൂഡൽഹി: യഥാർത്ഥ നിയന്ത്രണരേഖയിലെ (എൽ.എ.സി) തർക്കങ്ങൾ പരിഹരിക്കുന്നതിനും സംഘർഷാവസ്ഥ ഒഴിവാക്കുന്നതിനുമായി ഇന്ത്യയും ചൈനയും തമ്മിൽ വീണ്ടും ചർച്ച നടത്തി. മേഖലയിൽ പരസ്പര ധാരണ ഉറപ്പുവരുത്തുന്നതിനും തെറ്റിദ്ധാരണകൾ അകറ്റുന്നതിനുമായി നിലവിലുള്ള നയതന്ത്ര, സൈനിക തല സംവിധാനങ്ങൾ സജീവമായി മുന്നോട്ടുകൊണ്ടുപോകാൻ ഇരുരാജ്യങ്ങളും തീരുമാനിച്ചു.
അതിർത്തി നിർണയം, അതിർത്തി മാനേജ്മെന്റ്, അതിർത്തി കടന്നുള്ള സഹകരണം എന്നിവയുമായി ബന്ധപ്പെട്ട പ്രധാന വിഷയങ്ങൾ കൂടിക്കാഴ്ചയിൽ വിശദമായി ചർച്ച ചെയ്തതായി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ന്യൂഡൽഹിയിൽ നടന്ന ഉഭയകക്ഷി ചർച്ചകൾക്ക് ശേഷമാണ് വിദേശകാര്യ മന്ത്രാലയം വാർത്താക്കുറിപ്പ് പുറത്തിറക്കിയത്.
ഇന്ത്യ-ചൈന അതിർത്തി കാര്യങ്ങളിലെ കൂടിയാലോചനകൾക്കും ഏകോപനങ്ങൾക്കുമുള്ള വർക്കിങ് മെക്കാനിസത്തിന്റെ (WMCC) 36-ാമത് യോഗത്തിലാണ് ഇരുപക്ഷവും ഒത്തുചേർന്നത്. ഇന്ത്യൻ പ്രതിനിധി സംഘത്തെ വിദേശകാര്യ മന്ത്രാലയത്തിലെ ഈസ്റ്റ് ഏഷ്യ ജോയിന്റ് സെക്രട്ടറി സുജിത് ഘോഷും, ചൈനീസ് സംഘത്തെ ബൗണ്ടറി ആൻഡ് ഒഷ്യാനിക് അഫയേഴ്സ് വിഭാഗം ഡയറക്ടർ ജനറൽ ഹൗ യാൻകചയും നയിച്ചു.
