‘ഗൾഫിലേക്ക് തിരിച്ചെത്തിയാൽ ഭർത്താവിന്റെ കുടുംബത്തിനൊപ്പം താമസിക്കാനാകില്ല, പ്രത്യേക ഫ്ലാറ്റ് വേണം’; വിവാഹമോചനം അനുവദിച്ച് ഹൈക്കോടതി

കൊച്ചി: മതിയായ കാരണങ്ങളൊന്നുമില്ലാതെ ഭർത്താവിന്റെ കുടുംബത്തിൽ നിന്ന് മാറി പ്രത്യേക താമസസൗകര്യം ആവശ്യപ്പെടുന്നത് മാനസിക ക്രൂരതയുടെ പരിധിയിൽ വരുമെന്ന് ഹൈക്കോടതി. ഒൻപത് വർഷത്തിലേറെയായി വേർപിരിഞ്ഞു കഴിയുന്ന ദമ്പതികളുടെ വിവാഹമോചനം ശരിവെച്ചുകൊണ്ടാണ് ജസ്റ്റിസ് സതീഷ് നൈനാൻ, ജസ്റ്റിസ് പി. കൃഷ്ണകുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. കണ്ണൂർ കുടുംബകോടതി വിധിക്കെതിരെ ഭർത്താവ് നൽകിയ അപ്പീൽ ഹരജി അനുവദിച്ചാണ് കോടതി നടപടി.
2015-ലായിരുന്നു ഹിന്ദു ആചാരപ്രകാരം ഇവരുടെ വിവാഹം നടന്നത്. ഗൾഫിൽ ഇലക്ട്രിക്കൽ എൻജിനീയറായ ഭർത്താവിനും അദ്ദേഹത്തിന്റെ മാതാപിതാക്കൾക്കുമൊപ്പമായിരുന്നു ഭാര്യയുടെ താമസം. എന്നാൽ ഗർഭിണിയായതിനെ തുടർന്ന് നാട്ടിലേക്ക് മടങ്ങിയ യുവതി, പിന്നീട് ഭർത്താവിന്റെ മാതാപിതാക്കൾക്കൊപ്പം താമസിക്കാൻ കഴിയില്ലെന്നും രണ്ടു കിടപ്പുമുറികളുള്ള പ്രത്യേക ഫ്ലാറ്റ് നൽകിയാൽ മാത്രമേ മടങ്ങിവരൂ എന്നും വാശിപിടിക്കുകയായിരുന്നുവെന്ന് കോടതി വിലയിരുത്തി.
ഭർത്താവിന്റെ മാതാവാണ് പ്രശ്നങ്ങൾക്ക് കാരണമെന്നായിരുന്നു യുവതിയുടെ ആരോപണം. എന്നാൽ നിസ്സാരമായ ചില അഭിപ്രായവ്യത്യാസങ്ങൾക്കപ്പുറം ഗുരുതരമായ പ്രശ്നങ്ങളൊന്നും തെളിയിക്കാൻ യുവതിക്ക് കഴിഞ്ഞില്ലെന്ന് കോടതി വ്യക്തമാക്കി. ഒപ്പം ഭർത്താവുമായി ആശയവിനിമയം നടത്താൻ പോലും തയ്യാറാകാതിരുന്ന യുവതി, കുട്ടിയുടെ പേരിടൽ ചടങ്ങും ചോറൂണും ഉൾപ്പെടെയുള്ള കാര്യങ്ങൾ ഭർത്താവിനെ അറിയിച്ചിരുന്നില്ല. ഇതിന് തെളിവായി ഫോൺ സംഭാഷണങ്ങളുടെ രേഖകൾ ഭർത്താവ് കോടതിയിൽ ഹാജരാക്കി.
ഈ ആരോപണങ്ങൾ നിഷേധിക്കാൻ യുവതിക്കായില്ലെന്ന് ചൂണ്ടിക്കാട്ടിയ ഹൈക്കോടതി, നീണ്ടകാലം ഭർത്താവിൽ നിന്ന് അകന്നുനിൽക്കുന്നതും ന്യായമായ കാരണങ്ങളില്ലാതെ പ്രത്യേക ഫ്ലാറ്റ് ആവശ്യപ്പെടുന്നതും മാനസിക ക്രൂരതയാണെന്ന് വ്യക്തമാക്കി വിവാഹമോചനം അനുവദിക്കുകയായിരുന്നു.
