മണിക്കൂറില്‍ 8600 ടിക്കറ്റുകള്‍; ആദ്യ ഷോയ്ക്ക് പിന്നാലെ ബുക്ക് മൈ ഷോയില്‍ കുതിച്ച് ‘തുടക്കം’

കൊച്ചി: വിസ്മയ മോഹൻലാലിന്റെ അഭിനയ അരങ്ങേറ്റം കൊണ്ട് റിലീസിന് മുൻപേ വൻ ജനശ്രദ്ധ നേടിയ ‘തുടക്കം’ തിയേറ്ററുകളിൽ മികച്ച മുന്നേറ്റം തുടരുന്നു. മോഹൻലാൽ അതിഥി വേഷത്തിലെത്തുന്നു എന്ന വാർത്ത കൂടിയെത്തിയതോടെ വലിയ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ ചിത്രത്തെ വരവേറ്റത്. ആദ്യ ഷോകൾക്ക് പിന്നാലെ ലഭിച്ച മികച്ച പ്രേക്ഷകാഭിപ്രായങ്ങൾ ടിക്കറ്റ് ബുക്കിംഗിലും പ്രതിഫലിക്കുകയാണ്. പ്രമുഖ ഓൺലൈൻ ബുക്കിംഗ് പ്ലാറ്റ്ഫോമായ ബുക്ക് മൈ ഷോയിൽ മണിക്കൂറിൽ 8,600-ലേറെ ടിക്കറ്റുകളാണ് നിലവിൽ വിറ്റഴിക്കപ്പെടുന്നത്.
റിലീസിന് മുൻപ് തന്നെ ട്രെൻഡിംഗിൽ ഇടംപിടിച്ച ചിത്രം, പോസിറ്റീവ് റിവ്യൂകൾ പുറത്തുവന്നതോടെ ബുക്കിംഗിൽ വലിയ കുതിച്ചുചാട്ടമാണ് നടത്തുന്നത്. ബോക്സ് ഓഫീസ് ട്രാക്കർമാരുടെ കണക്കനുസരിച്ച് കേരളത്തിൽ നിന്ന് മാത്രം 86 ലക്ഷം രൂപയുടെ അഡ്വാൻസ് ബുക്കിംഗ് ചിത്രം നേടിയിട്ടുണ്ട്. കർണാടകയിൽ നിന്ന് എട്ട് ലക്ഷവും തമിഴ്നാട്ടിൽ നിന്ന് മൂന്ന് ലക്ഷവും ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് 2.50 ലക്ഷവും ഉൾപ്പെടെ രാജ്യത്താകെ 99.50 ലക്ഷം രൂപയാണ് പ്രീ-സെയിലിലൂടെ സ്വന്തമാക്കിയത്. ഓവർസീസ് മാർക്കറ്റിൽ നിന്ന് ലഭിച്ച 40 ലക്ഷം കൂടി ചേരുമ്പോൾ ‘തുടക്കം’ ചിത്രത്തിന്റെ ആകെ അഡ്വാൻസ് ബുക്കിംഗ് കളക്ഷൻ 1.40 കോടി രൂപയിലെത്തി. ഒരു പുതുമുഖ താരം കേന്ദ്രകഥാപാത്രമാകുന്ന ചിത്രത്തെ സംബന്ധിച്ചിടത്തോളം വേറിട്ടൊരു നേട്ടമാണിത്.
ശക്തമായ പ്രേക്ഷക പിന്തുണ ലഭിച്ചതോടെ വരും ദിവസങ്ങളിൽ ബോക്സ് ഓഫീസിൽ ചിത്രം മികച്ച പ്രകടനം പുറത്തെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വാരാന്ത്യത്തിൽ കളക്ഷൻ വർധിക്കുമെന്നാണ് സിനിമാ മേഖലയിലെ വിലയിരുത്തൽ.
ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിച്ച ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ജൂഡ് ആന്തണി ജോസഫാണ്. ആന്റണി പെരുമ്പാവൂരിന്റെ മകൻ ആശിഷ് ജോ ആന്റണിയും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ‘എമ്പുരാൻ’ എന്ന ചിത്രത്തിലെ ചെറിയ വേഷത്തിലൂടെ ശ്രദ്ധേയനായ ആശിഷിന്റെ മുഖ്യധാരാ സിനിമയിലേക്കുള്ള ശക്തമായ ചുവടുവെപ്പ് കൂടിയാണ് ഈ ചിത്രം. ലിനീഷ് നെല്ലിക്കൽ, അഖിൽ കൃഷ്ണ, ജൂഡ് ആന്തണി ജോസഫ് എന്നിവർ ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജേക്സ് ബിജോയ് സംഗീതവും ജോമോൻ ടി. ജോൺ ഛായാഗ്രഹണവും നിർവഹിച്ച ചിത്രത്തിന്റെ എഡിറ്റിംഗ് ചമൻ ചാക്കോയാണ്.
