പുതിയ എക്സിക്യൂട്ടീവ് ഉത്തരവുകളുമായി ട്രംപ് ; ഇന്ത്യൻ താൽക്കാലിക വിസക്കാരെ ബാധിക്കുമോ?

വാഷിങ്ടൺ: ജന്മനാ പൗരത്വവും (Birthright Citizenship) ‘ബർത്ത് ടൂറിസവും’ ലക്ഷ്യമിട്ട് നിർണായകമായ രണ്ട് പുതിയ എക്സിക്യൂട്ടീവ് ഉത്തരവുകളിൽ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഒപ്പുവെച്ചു. വ്യാഴാഴ്ച ഓവൽ ഓഫീസിൽ വെച്ചാണ് ട്രംപ് പുതിയ ഉത്തരവുകൾ പ്രഖ്യാപിച്ചത്.
വാണിജ്യപരമായ ആവശ്യങ്ങൾക്കായി ‘ബർത്ത് ടൂറിസത്തിൽ’ ഏർപ്പെടുന്നവർക്ക് രാജ്യത്തേക്ക് പ്രവേശനം നിഷേധിക്കുക എന്നതാണ് ആദ്യ ഉത്തരവിന്റെ ലക്ഷ്യം. ജന്മനാ പൗരത്വത്തിന് അർഹതയില്ലാത്ത വിഭാഗങ്ങളുടെ പരിധി വിപുലീകരിക്കുന്നതാണ് രണ്ടാമത്തെ ഉത്തരവ്. എന്നാൽ, എച്ച്-1ബി, എൽ-1 വിസ ഉടമകൾ ഉൾപ്പെടെയുള്ള ഇന്ത്യൻ താൽക്കാലിക വിസക്കാരുടെയും വിദ്യാർത്ഥികളുടെയും കുട്ടികളുടെ ജന്മനാ പൗരത്വ അവകാശത്തെ ഇത് നിലവിൽ ബാധിക്കാൻ സാധ്യതയില്ലെന്നാണ് നിയമവിദഗ്ധരുടെ വിലയിരുത്തൽ.
ഇന്ത്യക്കാർ ഉൾപ്പെടെയുള്ള താൽക്കാലിക വിസ ഉടമകളുടെ കുട്ടികൾക്ക് പൗരത്വം നഷ്ടമാകണമെങ്കിൽ ഭരണഘടനയുടെ 14-ാം ഭേദഗതിക്ക് സുപ്രീം കോടതി പരിമിതമായ വ്യാഖ്യാനം നൽകണം. അല്ലെങ്കിൽ പുതിയ ഭരണഘടനാ ഭേദഗതി കൊണ്ടുവരേണ്ടിവരും. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ ഇതിന് സാധ്യത കുറവാണ്.
കഴിഞ്ഞ ജൂൺ 30-ന്, ജന്മനാ പൗരത്വം അവസാനിപ്പിക്കാനുള്ള ട്രംപിന്റെ മുൻ ഉത്തരവ് നൂറ്റാണ്ടുകൾ പഴക്കമുള്ള നിയമം ചൂണ്ടിക്കാട്ടി സുപ്രീം കോടതി തള്ളിയിരുന്നു. വിധിക്കെതിരെ രൂക്ഷമായ ഭാഷയിലാണ് ട്രംപ് പ്രതികരിച്ചത്. വിധി മറികടക്കാനും ചില മാറ്റങ്ങൾ വരുത്താനുമാണ് പുതിയ നീക്കമെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
അതേസമയം, ട്രംപിന്റെ പുതിയ ഉത്തരവുകൾ ഭരണഘടനാ വിരുദ്ധമാണെന്ന് അമേരിക്കൻ സിവിൽ ലിബർട്ടീസ് യൂണിയനും (ACLU) കുടിയേറ്റ നിയമവിദഗ്ധരും വ്യക്തമാക്കി. 1868 ജൂലൈ 9-ന് നിലവിൽ വന്ന 14-ാം ഭേദഗതി ഉറപ്പുനൽകുന്ന പൗരത്വ അവകാശത്തിന്മേലുള്ള ഏത് കടന്നുകയറ്റവും നിയമപരമായി പരാജയപ്പെടുമെന്ന് അവർ കൂട്ടിച്ചേർത്തു.
