ഇന്ത്യൻ ബോക്സ് ഓഫീസിലും വൻ നേട്ടം, കളക്ഷനില് ഞെട്ടിച്ച് സ്പൈഡര്മാൻ

കൊച്ചി: ഇന്ത്യൻ ബോക്സ് ഓഫീസിൽ വൻ കുതിപ്പുമായി ഹോളിവുഡ് ചിത്രം ‘സ്പൈഡർമാൻ: ബ്രാൻഡ് ന്യൂ ഡേ’. രാജ്യത്ത് സിനിമയുടെ വിജയം കോടികളുടെ കളക്ഷൻ കണക്കുകളിൽ മാത്രം നിർണ്ണയിക്കപ്പെടുന്ന ഇക്കാലത്ത്, ഹോളിവുഡ് ചിത്രങ്ങൾക്കും മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. അക്കൂട്ടത്തിലേക്ക് ഏറ്റവും ഒടുവിൽ ചേർന്ന ‘സ്പൈഡർമാൻ: ബ്രാൻഡ് ന്യൂ ഡേ’ ബോക്സ് ഓഫീസിൽ പുതിയ റെക്കോർഡുകൾ തീർക്കുകയാണ്.
ചിത്രത്തിന്റെ വിതരണക്കാരായ സോണി പിക്ചേഴ്സ് തന്നെയാണ് ഇന്ത്യയിലെ കളക്ഷൻ വിവരങ്ങൾ പുറത്തുവിട്ടത്. റിലീസ് ദിനമായ ജൂലൈ 30-ന് ചിത്രം 73 കോടി രൂപയാണ് നേടിയത്. ഇത് ഇന്ത്യയിൽ ഒരു ഹോളിവുഡ് ചിത്രം നേടുന്ന എക്കാലത്തെയും വലിയ ഓപ്പണിംഗ് കളക്ഷനാണ്. എന്നാൽ ഈ റെക്കോർഡിനെയും മറികടക്കുന്ന മികച്ച കളക്ഷനാണ് തൊട്ടടുത്ത ദിവസങ്ങളിൽ ചിത്രം നേടിയത്. സോണി പിക്ചേഴ്സ് ഇന്ത്യയുടെ കണക്കുകൾ പ്രകാരം ചിത്രത്തിന്റെ ഇന്ത്യൻ ഗ്രോസ് ഇതിനോടകം 380.78 കോടി രൂപയിൽ എത്തിയിട്ടുണ്ട്.
പ്രമുഖ ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്ഫോമായ ബുക്ക്മൈഷോയിലും (BookMyShow) മികച്ച മുന്നേറ്റമാണ് ചിത്രം കാഴ്ചവെക്കുന്നത്. മണിക്കൂറിൽ 60,000-ത്തിലധികം ടിക്കറ്റുകളാണ് നിലവിൽ വിറ്റുപോയിക്കൊണ്ടിരിക്കുന്നത്.
കൊളംബിയ പിക്ചേഴ്സ്, മാർവെൽ സ്റ്റുഡിയോസ്, പാസ്കൽ പിക്ചേഴ്സ് എന്നിവർ ചേർന്ന് നിർമ്മിച്ച ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ഡെസ്റ്റിൻ ഡാനിയൽ ക്രെറ്റൺ ആണ്. ക്രിസ് മക്കെന്നയും എറിക് സോമേഴ്സും ചേർന്നാണ് ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്. ടോം ഹോളണ്ട് സ്പൈഡർമാനായി എത്തുന്ന ചിത്രത്തിൽ സെൻഡയ, സാഡി സിങ്ക്, ജേക്കബ് ബറ്റാലൺ, ജോൺ ബേൺതാൽ, ഫ്ലോറൻസ് പ്യൂ, ട്രമെൽ ടിൽമാൻ, മരീസ ടൊമെയ്, മാർക് റുഫാലോ തുടങ്ങിയ വൻതാരനിരയാണ് അണിനിരന്നിരിക്കുന്നത്.
