ലോകേഷ് കനകരാജ് ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റ്, ദൈര്‍ഘ്യവും എത്രയെന്ന് അറിയാം

സംവിധായകനായും നടനായും തെന്നിന്ത്യന്‍ സിനിമാലോകത്ത് ശ്രദ്ധേയനായ ലോകേഷ് കനകരാജ് നായകനായി അരങ്ങേറുന്ന പുതിയ ചിത്രം ‘ഡിസി’ റീലീസിന് ഒരുങ്ങുന്നു. അരുണ്‍ മാതേശ്വരന്‍ സംവിധാനം ചെയ്യുന്ന ചിത്രം ഈ വെള്ളിയാഴ്ച തിയറ്ററുകളിലെത്തും. സണ്‍ പിക്ചേഴ്സിന്റെ ബാനറില്‍ കലാനിധി മാരന് നിര്‍മ്മിക്കുന്ന ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡിന്റെ ‘എ’ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. 2 മണിക്കൂറും 23 മിനിറ്റുമാണ് ചിത്രത്തിന്റെ ദൈര്‍ഘ്യം. വയലന്‍സിനും പ്രണയത്തിനും വൈകാരിക മുഹൂര്‍ത്തങ്ങള്‍ക്കും ഏറെ പ്രാധാന്യമുള്ള ഗ്യാങ്സ്റ്റര്‍ ഡ്രാമയായാണ് ‘ഡിസി’ ഒരുക്കിയിരിക്കുന്നത്. റോക്കി, സാനി കായിദം, ക്യാപ്റ്റൻ മില്ലർ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അരുണ്‍ മാതേശ്വരന്‍ സംവിധാനം ചെയ്യുന്ന ഈ സിനിമ കേരളത്തിലും കര്‍ണാടകത്തിലും വമ്പന്‍ റിലീസായിട്ടാണ് പ്രദര്‍ശനത്തിനെത്തുന്നത്. ശ്രീ ഗോകുലം ഗോപാലന്റെ നേതൃത്വത്തിലുള്ള ശ്രീ ഗോകുലം മൂവീസാണ് കേരളത്തിലെയും കര്‍ണാടകത്തിലെയും വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത്. വാമിക ഗബ്ബിയാണ് ചിത്രത്തിലെ നായിക. അനിരുദ്ധ് രവിചന്ദറാണ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ദേവദാസ് എന്ന കഥാപാത്രമായി ലോകേഷ് വേഷമിടുമ്പോൾ, ചന്ദ്ര എന്ന കഥാപാത്രമായാണ് വാമിഖ ചിത്രത്തിലെത്തുന്നത്. സഞ്ജന കൃഷ്ണമൂര്‍ത്തി ചിത്രത്തില്‍ മറ്റൊരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.
