നിങ്ങളുടെ ശരീരത്തിന് ആവശ്യത്തിന് പ്രോട്ടീന് ലഭിക്കുന്നുണ്ടോ ? ; അറിയാം ഈ ലക്ഷണങ്ങള്

കൊച്ചി: കഠിനമായി വ്യായാമം ചെയ്യുന്നവര്ക്കും ജിമ്മില് പോകുന്നവര്ക്കും ബോഡിബില്ഡര്മാര്ക്കും മാത്രമേ പ്രോട്ടീന് ആവശ്യമുള്ളൂ എന്നത് വലിയൊരു തെറ്റിദ്ധാരണയാണ്. നമ്മുടെ ആരോഗ്യത്തിനും ശരീരത്തിന്റെ ശരിയായ പ്രവര്ത്തനത്തിനും പ്രോട്ടീന് അത്യന്താപേക്ഷിതമാണ്.
ശരീരഭാരത്തിന്റെ ഓരോ കിലോഗ്രാമിനും 0.8 മുതല് 1.6 ഗ്രാം വരെയാണ് പ്രോട്ടീന് ആവശ്യമായി വരുന്നത്. പേശികളുടെ അളവ്, ദിനചര്യകള്, പ്രായം എന്നിവയെ ആശ്രയിച്ച് ഇതില് മാറ്റങ്ങള് വരാം. പ്രായമായവര്ക്കും ചെറുപ്പക്കാര്ക്കും സാധാരണക്കാരേക്കാള് കൂടുതല് പ്രോട്ടീന് ആവശ്യമാണ്. നിങ്ങള് വ്യായാമം ചെയ്യുന്നയാളോ സജീവമായി പ്രവര്ത്തിക്കുന്നയാളോ ആണെങ്കില് തീര്ച്ചയായും കൂടുതല് പ്രോട്ടീന് അടങ്ങിയ ഭക്ഷണങ്ങള് കഴിക്കേണ്ടതുണ്ട്.
എന്നാല്, ശരീരത്തിന് ആവശ്യമായ പ്രോട്ടീന് ലഭിക്കുന്നില്ലെങ്കിൽ അത് ചില പ്രധാന ലക്ഷണങ്ങളിലൂടെ പ്രകടമാകും. പ്രോട്ടീന്റെ കുറവ് മൂലം ശരീരം നൽകുന്ന ആ മുന്നറിയിപ്പുകൾ എന്തൊക്കെയെന്ന് അറിയാം:
- തളര്ച്ചയും പേശികളുടെ ക്ഷയവും: മതിയായ പ്രോട്ടീന് ലഭിച്ചില്ലെങ്കില് ശരീരത്തിലെ പേശികളുടെ അളവ് നിലനിര്ത്താന് സാധിക്കില്ല. ഇത് കടുത്ത തളര്ച്ചയ്ക്കും ചര്മ്മം തൂങ്ങുന്നതിനും പേശികളുടെ ബലം കുറയുന്നതിനും കാരണമാകും.
- തുടര്ച്ചയായ വിശപ്പും കൊതിയും: ഭക്ഷണത്തോടുള്ള സംതൃപ്തി (Satiety) ഏറ്റവും കൂടുതല് നല്കുന്ന പോഷകമാണ് പ്രോട്ടീന്. അതിനാല് പ്രോട്ടീന് കുറയുമ്പോള് എപ്പോഴും വിശപ്പും പലതരം ഭക്ഷണങ്ങള് കഴിക്കാനുള്ള കൊതിയും അനുഭവപ്പെടാം.
- ഇടയ്ക്കിടെയുള്ള അണുബാധകള്: ശരീരത്തിന്റെ രോഗപ്രതിരോധ ശേഷിക്ക് പ്രോട്ടീന് അത്യന്താപേക്ഷിതമാണ്. ഇടയ്ക്കിടെ അണുബാധകള് ഉണ്ടാകുന്നുണ്ടെങ്കില് അതിന്റെ പ്രധാന കാരണം പ്രോട്ടീന്റെ കുറവാകാം.
- കുറഞ്ഞ ഊര്ജ്ജ നില: പ്രോട്ടീന്റെ അഭാവം ശരീരത്തിലെ ഊര്ജ്ജ നില ഗണ്യമായി കുറയ്ക്കും. എപ്പോഴും ക്ഷീണം അനുഭവപ്പെടുന്നുണ്ടെങ്കില് ഭക്ഷണത്തിലെ പ്രോട്ടീന്റെ അളവ് പരിശോധിക്കേണ്ടതാണ്.
- മാനസികാവസ്ഥയിലെ മാറ്റങ്ങൾ: മാനസികാവസ്ഥയെ നിയന്ത്രിക്കുന്ന തലച്ചോറിലെ രാസവസ്തുക്കളായ ‘ന്യൂറോട്രാന്സ്മിറ്ററുകള്’ നിര്മ്മിക്കാന് പ്രോട്ടീന് അത്യാവശ്യമാണ്. ഇതിന്റെ കുറവ് ന്യൂറോട്രാന്സ്മിറ്ററുകളുടെ പ്രവര്ത്തനത്തെ പ്രതികൂലമായി ബാധിക്കും.
- മുറിവുകള് ഉണങ്ങാന് വൈകലും നീര്ക്കെട്ടും: ശരീരത്തിലുണ്ടാകുന്ന പരിക്കുകളും മുറിവുകളും സുഖപ്പെടാന് പ്രോട്ടീന് വേണം. പ്രോട്ടീന് കുറയുമ്പോള് മുറിവുകള് ഉണങ്ങാന് സമയമെടുക്കും. കൂടാതെ, ശരീരത്തിലെ വീക്കം (Inflammation) കൂടുന്നത് കാരണം കണ്ണിനു ചുറ്റും കറുപ്പും ശരീരത്തില് നീര്ക്കെട്ടും അനുഭവപ്പെടാം.
- ചര്മ്മം, മുടി, നഖങ്ങള് എന്നിവയിലെ പ്രശ്നങ്ങള്: പ്രോട്ടീന് കുറയുമ്പോള് ചര്മ്മത്തിന് വരള്ച്ച അനുഭവപ്പെടുകയും പ്രായമായതുപോലെ തോന്നിക്കുകയും ചെയ്യും. കൂടാതെ മുടി കൊഴിച്ചിലിനും നഖങ്ങള് എളുപ്പത്തില് പൊട്ടിപ്പോകുന്നതിനും ഇത് കാരണമാകും.
