പ്രവാസികളെ വഴിയിൽ തടഞ്ഞുനിർത്തി തട്ടിപ്പ്, പൊലീസ് ചമഞ്ഞ് പഴ്സും പണവും കവർന്നയാൾ പിടിയിൽ

കുവൈത്ത് സിറ്റി: പൊലീസ് ഉദ്യോഗസ്ഥ ചമഞ്ഞ് പ്രവാസികളെ വഴിയിൽ തടഞ്ഞുനിർത്തി ഭീഷണിപ്പെടുത്തി പണവും പഴ്സും കവർന്ന കേസിൽ കുവൈത്തിൽ ഒരാൾ അറസ്റ്റിൽ. താമസരേഖകളില്ലാത്ത ബിദൂൻ വിഭാഗത്തിൽപ്പെട്ട പ്രതിയെ ജലീബ് അൽ ഷുയൂഖ് ഡിറ്റക്ടീവ് വിഭാഗമാണ് അൽ-റായ് മേഖലയിൽ വെച്ച് പിടികൂടിയത്. ഇയാളുടെ പേരിൽ പത്തോളം കവർച്ചാ കേസുകൾ തെളിഞ്ഞിട്ടുണ്ട്.
കുറ്റകൃത്യങ്ങൾക്കായി ഉപയോഗിച്ച, മോഷണം പോയ വാഹനവും പൊലീസ് പ്രതിയിൽ നിന്ന് കണ്ടെടുത്തു. മോഷണം, വ്യാജ ആൾമാറാട്ടം, ലഹരിമരുന്ന് ഉപയോഗം എന്നീ കുറ്റങ്ങൾ ചുമത്തിയിരിക്കുന്ന പ്രതിയെ തുടർനടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി.
ലഹരിമരുന്ന് വാങ്ങുന്നതിനുള്ള പണം കണ്ടെത്തുന്നതിനാണ് ഏഷ്യൻ വംശജരായ തൊഴിലാളികളെ പ്രതി പ്രധാനമായും ലക്ഷ്യമിട്ടിരുന്നത്. പരമ്പരാഗത കുവൈത്തി വസ്ത്രം ധരിച്ചെത്തുന്ന ഇയാൾ, വഴിയിൽ വെച്ച് പ്രവാസികളെ തടഞ്ഞുനിർത്തി താൻ പൊലീസാണെന്ന് വിശ്വസിപ്പിക്കുകയായിരുന്നു പതിവ്. തുടർന്ന് പരിശോധനയുടെ പേരിൽ പഴ്സും പണവും വാങ്ങി സൂക്ഷിക്കുകയും, ഇവ തിരികെ ലഭിക്കാൻ സമീപത്തെ പൊലീസ് സ്റ്റേഷനിലെത്താൻ ആവശ്യപ്പെട്ട് കടന്നുകളയുകയുമായിരുന്നു രീതി.
ഫർവാനിയ ഗവർണറേറ്റിലെ വിവിധ ഭാഗങ്ങളിൽ നിന്ന് സമാന പരാതികൾ ഉയർന്നതിനെത്തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥർ അന്വേഷണം ഊർജ്ജിതമാക്കിയിരുന്നു. ജലീബ് അൽ ഷുയൂഖ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത മൂന്ന് കേസുകൾക്ക് പുറമെ, ഖൈത്താൻ, ഫർവാനിയ മേഖലകളിൽ നിന്ന് റിപ്പോർട്ട് ചെയ്ത മറ്റ് ഏഴ് കവർച്ചകളിലും ഇയാൾ തന്നെയാണ് പ്രതിയെന്ന് അന്വേഷണത്തിൽ വ്യക്തമായി.
