‘ഇന്ത്യൻ എഡിസണാ’യി ആർ മാധവൻ; ‘ജി.ഡി.എൻ’ ഓഗസ്റ്റ് 7 ന് തിയറ്ററുകളിൽ

കൊച്ചി: ‘ഇന്ത്യൻ എഡിസൺ’ എന്നറിയപ്പെടുന്ന പ്രമുഖ ശാസ്ത്രജ്ഞനും വ്യവസായിയുമായിരുന്ന ജി.ഡി. നായിഡുവിന്റെ ജീവിതകഥ പറയുന്ന ആർ. മാധവൻ ചിത്രം ‘ജി.ഡി.എൻ’ (GDN) ഓഗസ്റ്റ് ഏഴിന് ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ റിലീസ് ചെയ്യും. അസാധാരണമായ ശാസ്ത്ര കണ്ടുപിടിത്തങ്ങളിലൂടെയും വ്യാവസായിക സംരംഭങ്ങളിലൂടെയും കോയമ്പത്തൂരിനെ ഒരു മുൻനിര വ്യവസായ നഗരമാക്കി മാറ്റിയ എൻജിനീയറും ജീവകാരുണ്യ പ്രവർത്തകനുമായിരുന്നു ഗോപാലസ്വാമി ദൊരൈസ്വാമി നായിഡു. ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് മോട്ടോർ വികസിപ്പിച്ചെടുത്ത അദ്ദേഹത്തിന്റെ ശാസ്ത്രലോകത്തേക്കുള്ള കടന്നുവരവും ഒരു സംരംഭകൻ എന്ന നിലയിൽ നേരിട്ട വെല്ലുവിളികളുമാണ് സ്വാതന്ത്ര്യത്തിന് മുമ്പുള്ള ഭാരതത്തിന്റെ പശ്ചാത്തലത്തിൽ ചിത്രം ദൃശ്യവത്കരിക്കുന്നത്. “വികാരത്താൽ നയിക്കപ്പെടുകയും പാരമ്പര്യത്താൽ ഊർജ്ജം ഉൾക്കൊള്ളുകയും ചെയ്ത ഒരു മനുഷ്യന്റെ കഥ…” എന്ന കുറിപ്പോടെ അണിയറപ്രവർത്തകർ പുറത്തുവിട്ട ചിത്രത്തിന്റെ പോസ്റ്റർ ഇതിനകം തന്നെ സോഷ്യൽ മീഡിയയിൽ വലിയ തരംഗമായി മാറിയിട്ടുണ്ട്.
നമ്പി നാരായണന്റെ ജീവിത കഥ പറഞ്ഞ ‘റോക്കട്രി: ദി നമ്പി ഇഫക്ട്’ എന്ന ചിത്രത്തിന് ശേഷം മാധവൻ വീണ്ടുമൊരു ശാസ്ത്രജ്ഞന്റെ ബയോപിക്കുമായി എത്തുന്നു എന്ന പ്രത്യേകതയും ജി.ഡി.എനുണ്ട്. 2022-ൽ മികച്ച സിനിമയ്ക്കുള്ള ദേശീയ അവാർഡ് നേടിയ അണിയറപ്രവർത്തകർ വീണ്ടും ഒന്നിക്കുന്ന ചിത്രം കൃഷ്ണകുമാർ രാമകുമാറാണ് സംവിധാനം ചെയ്യുന്നത്. കൃഷ്ണകുമാറും മാധവനും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സത്യരാജ്, പ്രിയാമണി, ജയറാം, ദുഷാര വിജയൻ തുടങ്ങിയ വൻ താരനിര അണിനിരക്കുന്ന ചിത്രത്തിന് ഗോവിന്ദ് വസന്ത സംഗീതവും അരവിന്ദ് കമലനാഥൻ ഛായാഗ്രഹണവും ബിജിത്ത് ബാല എഡിറ്റിംഗും നിർവ്വഹിക്കുന്നു. വർഗീസ് മൂലൻ പിക്ചേഴ്സിന്റെ ബാനറിൽ വർഗീസ് മൂലനും മാധവനും ഭാര്യ സരിതയും ചേർന്നുള്ള ട്രൈ കളർ ഫിലിംസും ചേർന്ന് നിർമ്മിച്ച ചിത്രം ഉർവശി തിയറ്റേഴ്സ് ആണ് കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്. (പി.ആർ.ഒ: ഐശ്വര്യ രാജ്).
