അർജന്റീനയെ അധിക്ഷേപിച്ചാൽ നാടുകടത്തും; വിദേശികൾക്കെതിരെ ശക്തമായ നടപടിയുമായി മൈലി സർക്കാർ

ബ്യൂണസ് അയേഴ്സ്: ഫിഫ ലോകകപ്പ് ഫൈനലിൽ സ്പെയിനോടേറ്റ തോൽവിക്ക് പിന്നാലെ അർജന്റീനയ്ക്കും ദേശീയ ടീമിനുമെതിരെ ആഗോളതലത്തിൽ ഉയർന്ന വിദ്വേഷ പ്രചാരണങ്ങൾക്കെതിരെ കർശന നടപടിയുമായി സർക്കാർ. രാജ്യത്തെയും ജനങ്ങളെയും ദേശീയ ചിഹ്നങ്ങളെയും പരസ്യമായി അധിക്ഷേപിക്കുന്ന വിദേശികൾക്ക് വിലക്കേർപ്പെടുത്താനും വിസ റദ്ദാക്കി നാടുകടത്താനും വ്യവസ്ഥ ചെയ്യുന്ന അടിയന്തര ഉത്തരവിൽ പ്രസിഡന്റ് ഹാവിയർ മൈലി ഒപ്പുവെച്ചു.
രാജ്യത്തിന്റെ അഭിമാനവും ദേശീയ ചിഹ്നങ്ങളുടെ സംരക്ഷണവും വിട്ടുവീഴ്ചയില്ലാത്ത കാര്യമാണെന്ന് പ്രസിഡന്റിന്റെ ഓഫീസ് വ്യക്തമാക്കി. അർജന്റീനയെയും ജനങ്ങളെയും അധിക്ഷേപിക്കുന്ന ആർക്കും ഇനി രാജ്യത്തേക്ക് സ്വാഗതമില്ലെന്നും വാർത്താക്കുറിപ്പിൽ പറയുന്നു.
ഫൈനലിൽ സ്പെയിനോട് 1-0ന് പരാജയപ്പെട്ടതിന് പിന്നാലെയാണ് അർജന്റീനയ്ക്കെതിരെ ആഗോളതലത്തിൽ വൻ വിദ്വേഷ പ്രചാരണം ശക്തമായത്. ടൂർണമെന്റിലുടനീളം അർജന്റീനയോട് ഫിഫ പക്ഷപാതിത്വം കാണിച്ചെന്ന ആരോപണങ്ങളും, കളിക്കാരുടെ കടുത്ത കളിരീതിയും വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. മത്സരശേഷം സ്പെയിൻ താരങ്ങളുമായി അർജന്റീന കളിക്കാരും സപ്പോർട്ട് സ്റ്റാഫും ഏറ്റുമുട്ടിയ സംഭവത്തിൽ ഫിഫ നിലവിൽ അന്വേഷണം നടത്തിവരികയാണ്. സെമിഫൈനലിൽ ഇംഗ്ലണ്ടിനെതിരായ വിജയത്തിനു ശേഷം അർജന്റീന താരങ്ങൾ ‘ഫോക്ക്ലാന്റ് ദ്വീപ്’ ബാനർ ഉയർത്തിയതും ഫിഫ അച്ചടക്ക സമിതിയുടെ പരിഗണനയിലാണ്.
രാജ്യത്തിനെതിരായ നീക്കങ്ങൾ വിദേശ രാഷ്ട്രീയ ഗ്രൂപ്പുകളുടെ നേതൃത്വത്തിലുള്ള ആസൂത്രിത അജണ്ടയാണെന്നാണ് ഹാവിയർ മൈലിയുടെ വാദം. ഇതിന്റെ ഭാഗമായി ബ്രസീലിലെ ലുല ഡ സിൽവ സർക്കാറിനെതിരെ മൈലി നടത്തിയ പരാമർശങ്ങൾ ഇരു രാജ്യങ്ങളും തമ്മിൽ വലിയ നയതന്ത്ര തർക്കത്തിനും വഴിവെച്ചിട്ടുണ്ട്.
അതേസമയം, കുടിയേറ്റ നിയമം കടുപ്പിക്കുന്ന മൈലിയുടെ ഉത്തരവിനെതിരെ രാജ്യത്ത് പ്രതിപക്ഷം ശക്തമായ എതിർപ്പുമായി രംഗത്തെത്തി. നിയമത്തിലെ വ്യക്തതയില്ലായ്മ അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിക്കുമെന്നും, സ്വാഭാവിക വിമർശനങ്ങളെയും വിദ്വേഷ പ്രസംഗങ്ങളെയും അധികൃതർ എങ്ങിനെ വേർതിരിക്കുമെന്നും പ്രതിപക്ഷ ജനപ്രതിനിധി മാക്സിമിലിയാനോ ഫെറാറോ ചോദിച്ചു.
