നീറ്റ് പ്രതിഷേധക്കാർക്കെതിരെ പ്രയോഗിച്ചതിൽ ലോഹ പെല്ലറ്റും, പരിക്കേറ്റയാളിൽ നിന്ന് നീക്കിയത് നിരവധി ലോഹകഷ്ണങ്ങൾ

ന്യൂഡൽഹി: ദേശീയ യോഗ്യതാ പരീക്ഷയിലെ (നീറ്റ്) ക്രമക്കേടുകൾക്കെതിരെ ഡൽഹി ജന്ദർ മന്ദറിൽ സി.ജെ.പി നടത്തിയ പ്രതിഷേധത്തിനിടെ പോലീസ് പ്രയോഗിച്ചത് മാരകമായ ലോഹ പെല്ലറ്റുകളാണെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ടുകൾ പുറത്ത്. പെല്ലറ്റ് പ്രയോഗത്തിൽ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ച പ്രക്ഷോഭകന്റെ ശരീരത്തിൽ നിന്ന് ശസ്ത്രക്രിയയിലൂടെ നിരവധി ലോഹക്കഷണങ്ങൾ നീക്കം ചെയ്തു.
ലേഡി ഹാർഡിംഗ് മെഡിക്കൽ കോളേജ് അധികൃതർ തയ്യാറാക്കിയ മെഡിക്കോ ലീഗൽ കേസ് (എമ്മാഎൽസി) റിപ്പോർട്ടിലാണ് ഞെട്ടിക്കുന്ന വിവരങ്ങളുള്ളത്. പ്രതിഷേധക്കാർക്ക് നേരെ പ്രയോഗിച്ചത് പ്ലാസ്റ്റിക് പെല്ലറ്റുകളല്ലെന്നും മറിച്ച് ലോഹ പെല്ലറ്റുകളാണെന്നുമുള്ള തെളിവുകൾ ഇതോടെ പുറത്തുവന്നു. ലോഹ പെല്ലറ്റുകൾ ഉപയോഗിച്ചിട്ടില്ലെന്ന സുരക്ഷാ ഏജൻസികളുടെ വാദം തള്ളുന്നതാണ് മെഡിക്കൽ റിപ്പോർട്ട്.
ആക്രമണത്തിൽ പരിക്കേറ്റ ഷെയ്ഖ് ഇർഷാദ് മൻസൂരി എന്ന പ്രക്ഷോഭകന്റെ ശരീരത്തിൽ നിന്നാണ് മാരകമായ ലോഹഭാഗങ്ങൾ പുറത്തെടുത്തത്. തല, കഴുത്ത്, കവിളെല്ലിന്റെ അകം, ചുണ്ടുകൾ എന്നിവടങ്ങളിൽ നിന്നായി രണ്ട് മില്ലീമീറ്റർ വലിപ്പമുള്ള ഒന്നിലധികം ലോഹക്കഷണങ്ങളാണ് ശസ്ത്രക്രിയയിലൂടെ നീക്കിയത്. എട്ട് മുതൽ പത്ത് മില്ലീമീറ്റർ വരെ ആഴത്തിൽ ആഴ്ന്നിറങ്ങിയ നിലയിലായിരുന്നു ഇവ. ഒരു വശം പരന്നതും മറ്റ് ഭാഗങ്ങൾ കൂർത്തതുമായ രീതിയിലാണ് ഇവ നിർമിച്ചിരിക്കുന്നത്. ജൂലൈ 20ന് നടന്ന പ്രതിഷേധത്തിന് നേരെ പോലീസ് രണ്ടു റൗണ്ട് പെല്ലറ്റ് പ്രയോഗിച്ചതായാണ് വിവരം.
അതേസമയം, പെല്ലറ്റ് പ്രയോഗത്തിൽ പ്രക്ഷോഭകർക്ക് പരിക്കേറ്റ സംഭവത്തിൽ റാപ്പിഡ് ആക്ഷൻ ഫോഴ്സ് (ആർ.എ.എഫ്) ഉദ്യോഗസ്ഥർക്കെതിരെ കേസെടുത്താലും തുടർനടപടികൾക്ക് അനുമതി നൽകില്ലെന്ന നിലപാടിലാണ് സി.ആർ.പി.എഫ്. ജൂലൈ 20ലെ പോലീസ് നടപടികൾ സേനയുടെ കൃത്യമായ പ്രോട്ടോക്കോൾ പാലിച്ചാണെന്ന് അന്തിമ റിപ്പോർട്ട് വ്യക്തമാക്കുന്നു. കേസെടുക്കുന്ന പക്ഷം ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രോസിക്യൂഷൻ അനുമതി നൽകേണ്ടതില്ലെന്നാണ് സി.ആർ.പി.എഫ് ഡി.ജിയുടെ തീരുമാനം. നിയമവിധേയമായി പ്രവർത്തിച്ച സേനാംഗങ്ങളെ പൂർണമായി സംരക്ഷിക്കുമെന്നും ഭയമില്ലാതെ ചുമതലകൾ നിർവഹിക്കണമെന്നും സേനയുടെ സ്ഥാപക ദിനത്തോടനുബന്ധിച്ച് നൽകിയ സന്ദേശത്തിൽ സി.ആർ.പി.എഫ് ഡി.ജി ജി.പി. സിങ് വ്യക്തമാക്കിയിരുന്നു.
