ട്രെന്‍ഡിങ് സോങ്ങായ ‘കല്യാണി’ക്ക് ചുവടുവെച്ച് ശ്രദ്ധ; കയ്യടിച്ച് സോഷ്യല്‍ മീഡിയ

കോഴിക്കോട്: സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയ ‘കല്യാണി’ റീമിക്സ് ഗാനത്തിന് തകർപ്പൻ നൃത്തച്ചുവടുകളുമായി നടി ശ്രദ്ധ ഗോകുൽ. ലോങ് സ്കേർട്ടിലും ടോപ്പിലും അതിസുന്ദരിയായെത്തി ശ്രദ്ധ പങ്കുവെച്ച ഡാൻസ് വിഡിയോ ഇതിനകം ഇൻസ്റ്റഗ്രാമിൽ ശ്രദ്ധനേടിക്കഴിഞ്ഞു.
ശ്രേയ ഘോഷാൽ ആലപിച്ച് സാനിയ ഇയ്യപ്പൻ സ്ക്രീനിലെത്തിയ ‘കല്യാണി’ ഗാനത്തിനാണ് ക്ലാസിക്കൽ ഡാൻസർ കൂടിയായ ശ്രദ്ധയുടെ ഈ പ്രകടനം. മികച്ച പ്രതികരണമാണ് വിഡിയോയ്ക്ക് സോഷ്യൽ മീഡിയയിൽ നിന്ന് ലഭിക്കുന്നത്. ‘ഹലോ കുട്ടിച്ചാത്തൻ’ എന്ന ജനപ്രിയ പരമ്പരയിലെ ‘വർഷ’ എന്ന കഥാപാത്രത്തെ ഓർമിപ്പിച്ചുകൊണ്ടാണ് ആരാധകരുടെ കമന്റുകൾ ഏറെയും.
ബാലതാരമായി അഭിനയരംഗത്തെത്തിയ ശ്രദ്ധ, മെഡിക്കൽ പഠനത്തിന് ശേഷമാണ് സിനിമയിലേക്ക് തിരിച്ചെത്തുന്നത്. ജീത്തു ജോസഫ് ചിത്രം ‘വലതുവശത്തെ കള്ളൻ’, ‘ദൃശ്യം 3’ എന്നീ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങളിൽ താരം എത്തുന്നതിനിടെയാണ് പുതിയ ഡാൻസ് വിഡിയോയുമായി പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്.
