അലുമിനിയം ഫോയിൽ ഉപയോഗിക്കാറുണ്ടോ? ഈ ഭക്ഷണങ്ങൾ ഇതിൽ സൂക്ഷിക്കരുത്; മുന്നറിയിപ്പുമായി വിദഗ്ധർ

ഹോട്ടലുകളിലും വീടുകളിലും ഭക്ഷണം കേടാകാതിരിക്കാനും ചൂടോടെ സൂക്ഷിക്കാനും ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന ഒന്നാണ് അലുമിനിയം ഫോയിലുകൾ. എന്നാൽ, ഉപകാരപ്രദമാണെന്നുകരുതി എല്ലാത്തരം ഭക്ഷണസാധനങ്ങളും അലുമിനിയം ഫോയിലിൽ പൊതിഞ്ഞുവെക്കുന്നത് ആരോഗ്യത്തിന് ഗുരുതരമായ ഭീഷണിയാകുമെന്നാണ് ഭക്ഷ്യസുരക്ഷാ വിദഗ്ധരുടെ മുന്നറിയിപ്പ്.
അലുമിനിയം ഫോയിൽ ഭക്ഷണത്തിലെ ലോഹവുമായി രാസപ്രവർത്തനത്തിൽ ഏർപ്പെടാനും ബാക്ടീരിയകൾ പെരുകാനും ഇടയാക്കും. കുറഞ്ഞ സമയത്തേക്ക് പാചകം ചെയ്യാനും ഗ്രില്ലിങ്ങിനും ഫോയിൽ അനുയോജ്യമാണെങ്കിലും താഴെ പറയുന്ന ഭക്ഷണങ്ങൾ ഇതിൽ സൂക്ഷിക്കുന്നത് ഒഴിവാക്കണം:
1. ചൂടുള്ള ഭക്ഷണങ്ങൾ
പാകം ചെയ്ത ഉടൻ ചൂടോടെ ഭക്ഷണം അലുമിനിയം ഫോയിലിൽ പൊതിയരുത്. ഫോയിലിനുള്ളിൽ ആവി കെട്ടിനിൽക്കുന്നത് ബാക്ടീരിയകൾ വേഗത്തിൽ പെരുകാൻ വഴിയൊരുക്കും. പ്രത്യേകിച്ച് സാധാരണ ഊഷ്മാവിൽ സൂക്ഷിക്കുമ്പോൾ ഈ അപകടസാധ്യത കൂടുതലാണ്. ഭക്ഷണം ചെറുതായി തണുത്ത ശേഷം എയർടൈറ്റ് കണ്ടെയ്നറുകളിലാക്കി ഫ്രിജിൽ സൂക്ഷിക്കുന്നതാണ് സുരക്ഷിതം.
2. തക്കാളിയും അസിഡിക് ഭക്ഷണങ്ങളും
തക്കാളിയോ തക്കാളി ചേർത്ത കറികളോ ഫോയിലിൽ സൂക്ഷിക്കരുത്. തക്കാളിയില അടങ്ങിയിരിക്കുന്ന ആസിഡ് അലുമിനിയവുമായി പ്രവർത്തിച്ച് ലോഹം ഭക്ഷണത്തിൽ കലരാൻ കാരണമാകുന്നു. ഇത് ഭക്ഷണത്തിന്റെ രുചി മാറ്റുക മാത്രമല്ല, ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുകയും ചെയ്യും. ഇവ ഗ്ലാസ് പാത്രങ്ങളിലോ ഫുഡ് ഗ്രേഡ് പ്ലാസ്റ്റിക് പാത്രങ്ങളിലോ സൂക്ഷിക്കുക.
3. ഉപ്പുരസം കൂടുതലുള്ളവ
ഉപ്പിലിട്ടവ, പ്രൊസസ്സ് ചെയ്ത ഇറച്ചി, കൂടുതൽ മസാല ചേർത്ത ഭക്ഷണങ്ങൾ എന്നിവ അലുമിനിയവുമായി എളുപ്പത്തിൽ രാസപ്രവർത്തനം നടത്തും. ഉപ്പിന്റെ സാന്നിധ്യം ഫോയിലിൽ ചെറിയ സുഷിരങ്ങൾ വീഴ്ത്തുകയും ലോഹം ഭക്ഷണത്തിലേക്ക് കലരുകയും ചെയ്യും. ഗ്ലാസ് കണ്ടെയ്നറുകളാണ് ഇവ സൂക്ഷിക്കാൻ ഏറ്റവും അനുയോജ്യം.
4. ചീസ്
ദീർഘനേരം ചീസ് അലുമിനിയം ഫോയിലിൽ പൊതിഞ്ഞു സൂക്ഷിക്കുന്നത് കേടാകാൻ ഇടയാക്കും. ചീസിന് നേരിയ അളവിൽ വായുസഞ്ചാരം ആവശ്യമാണ്. ഫോയിലിലെ ഈർപ്പം പൂപ്പൽ ബാധയ്ക്ക് കാരണമാകും. ബട്ടർ പേപ്പറോ പാർച്ച്മെന്റ് പേപ്പറോ ഉപയോഗിച്ച് പൊതിഞ്ഞ ശേഷം ലൂസായി അടച്ച പാത്രത്തിൽ ചീസ് സൂക്ഷിക്കാം.
5. വിനാഗിരി ചേർത്ത വിഭവങ്ങൾ
സുർക്ക ചേർത്ത അച്ചാറുകൾ, സലാഡുകൾ എന്നിവയിലെ ആസിഡിന്റെ അളവ് ഉയർന്നതാണ്. ഇവ അലുമിനിയം ഫോയിലിൽ സൂക്ഷിക്കുന്നത് ഭക്ഷണത്തിന്റെ ഗുണനിലവാരം കുറയ്ക്കുകയും രുചി മാറ്റുകയും ചെയ്യും. നോൺ-റിയാക്ടീവ് പാത്രങ്ങളോ ഗ്ലാസ് ജാറുകളോ ഇതിനായി ഉപയോഗിക്കാം.
