അക്കൗണ്ടിൽ മിനിമം ബാലൻസ് ഇല്ലാതിരുന്നതിന് പിഴയടച്ചിട്ടുണ്ടോ? ബാങ്കുകൾ ഉപഭോക്താക്കളിൽ നിന്ന് പിരിച്ചത് കോടികൾ, കണക്കുകൾ പുറത്ത്

ന്യൂഡൽഹി: അക്കൗണ്ടുകളിൽ മിനിമം ശരാശരി ബാലൻസ് (MAB) നിലനിർത്താത്തതിന്റെ പേരിൽ രാജ്യത്തെ ബാങ്കുകൾ ഉപഭോക്താക്കളിൽ നിന്ന് ഈടാക്കിയത് കോടികളുടെ പിഴ. സ്വകാര്യ ബാങ്കുകളിൽ എച്ച്ഡിഎഫ്സിയും ആക്സിസ് ബാങ്കും മുന്നിട്ടുനിൽക്കുമ്പോൾ, പൊതുമേഖലാ ബാങ്കുകളിൽ ബാങ്ക് ഓഫ് ബറോഡയാണ് തുക ഈടാക്കുന്നതിൽ ഒന്നാമത്. രാജ്യസഭയിൽ ഉയർന്ന ചോദ്യത്തിന് രേഖാമൂലം നൽകിയ മറുപടിയിൽ ധനകാര്യ സഹമന്ത്രി പങ്ക്ജ ചൗധരിയാണ് ഞെട്ടിക്കുന്ന ഈ കണക്കുകൾ വ്യക്തമാക്കിയത്.
സ്വകാര്യ ബാങ്കുകൾ മുൻപന്തിയിൽ
ധനമന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം 2022-23 മുതൽ 2025-26 വരെയുള്ള സാമ്പത്തിക വർഷങ്ങളിൽ സ്വകാര്യ ബാങ്കുകൾ പിഴയിനത്തിൽ കൊയ്തത് കോടികളാണ്.
- എച്ച്ഡിഎഫ്സി ബാങ്ക്: 5,670 കോടി രൂപ
- ആക്സിസ് ബാങ്ക്: 3,787 കോടി രൂപ
- ഐസിഐസിഐ ബാങ്ക്: 1,578.29 കോടി രൂപ
- കോട്ടക് മഹീന്ദ്ര ബാങ്ക്: 998.41 കോടി രൂപ
പൊതുമേഖലയിൽ ബാങ്ക് ഓഫ് ബറോഡ
2021-22 മുതൽ 2025-26 വരെയുള്ള അഞ്ചുവർഷത്തെ കണക്കെടുത്താൽ പൊതുമേഖലാ ബാങ്കുകളിൽ ബാങ്ക് ഓഫ് ബറോഡയാണ് ഏറ്റവും കൂടുതൽ പിഴ പിരിച്ചത് — 2,028 കോടി രൂപ. പഞ്ചാബ് നാഷണൽ ബാങ്ക് (1,896 കോടി), ഇന്ത്യൻ ബാങ്ക് (1,777 കോടി), കനറ ബാങ്ക് (1,524.08 കോടി), ബാങ്ക് ഓഫ് ഇന്ത്യ (816.24 കോടി) എന്നിവയാണ് തൊട്ടുപിന്നിൽ.
അതേസമയം, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ) 1,600.77 കോടി രൂപ പിഴയിനത്തിൽ ഈടാക്കിയതായി വ്യക്തമാക്കുന്നുണ്ടെങ്കിലും, ഇത് കറന്റ് അക്കൗണ്ടുകളിൽ നിന്നുള്ള തുക മാത്രമാണ്. 2020 മാർച്ച് മുതൽ സേവിങ്സ് അക്കൗണ്ടുകളിലെ മിനിമം ബാലൻസ് പിഴ എസ്.ബി.ഐ പൂർണ്ണമായി ഒഴിവാക്കിയിരുന്നു.
ജനധൻ അക്കൗണ്ടുകൾക്ക് പിഴയില്ല
സാധാരണക്കാർക്കായുള്ള പ്രധാൻ മന്ത്രി ജനധൻ യോജന (PMJDY) അക്കൗണ്ടുകൾക്കും ബി.എസ്.ബി.ഡി.എ (BSBDA) അക്കൗണ്ടുകൾക്കും മിനിമം ബാലൻസ് വ്യവസ്ഥയോ പിഴയോ ബാധകമല്ലെന്ന് ധനമന്ത്രാലയം വ്യക്തമാക്കി. കൂടാതെ, സേവനങ്ങൾ കൂടുതൽ ജനകീയമാക്കുന്നതിന്റെ ഭാഗമായി പൊതുമേഖലയിലെ 12 ബാങ്കുകളിൽ 10 എണ്ണവും സേവിങ്സ് അക്കൗണ്ടുകളിലെ മിനിമം ബാലൻസ് പിഴ പൂർണ്ണമായും നിർത്തിയതായും മന്ത്രാലയം കൂട്ടിച്ചേർത്തു.
ശ്രദ്ധിക്കുക: റിസർവ് ബാങ്ക് (ആർ.ബി.ഐ) നിർദേശപ്രകാരം അക്കൗണ്ടിൽ മിനിമം ബാലൻസ് കുറയുമ്പോൾ ബാങ്കുകൾ അത് എസ്.എം.എസ്, ഇമെയിൽ അല്ലെങ്കിൽ കത്ത് വഴി ഉപഭോക്താവിനെ മുൻകൂട്ടി അറിയിക്കണം. അക്കൗണ്ടിൽ പണം നിക്ഷേപിക്കാൻ നിശ്ചിത സമയം നൽകിയ ശേഷമേ ബാങ്കുകൾക്ക് പിഴ ഈടാക്കാനാകൂ.
