ദുൽഖറിന്റെ ഐ ആം ഗെയിം ട്രെയ്ലർ ഇന്ന്; ആഗോള റിലീസ് ഓഗസ്റ്റ് 20 ന്

കോഴിക്കോട്: മലയാളത്തിന്റെ പ്രിയതാരം ദുൽഖർ സൽമാന്റെ ബിഗ് ബഡ്ജറ്റ് ആക്ഷൻ ത്രില്ലർ ചിത്രം ‘ഐ ആം ഗെയിം’ (I Am Game) ട്രെയ്ലർ ഇന്ന് പുറത്തിറങ്ങും. താരത്തിന്റെ ജന്മദിനത്തോടനുബന്ധിച്ചാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ട്രെയ്ലർ പുറത്തുവിടുന്നത്. സ്റ്റൈലിഷ് ലുക്കിലുള്ള ദുൽഖറിന്റെ പോസ്റ്ററും അണിയറക്കാർ പങ്കുവെച്ചിട്ടുണ്ട്. ചിത്രം 2026 ഓഗസ്റ്റ് 20-ന് ഓണം റിലീസായി ലോകമെമ്പാടുമുള്ള തിയേറ്ററുകളിലെത്തും.
‘ആർ.ഡി.എക്സ്’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം നഹാസ് ഹിദായത് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫെറർ ഫിലിംസും ജോം വർഗീസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ബോക്സ് ഓഫീസിൽ വൻ വിജയം നേടിയ ‘ലോക’ക്ക് ശേഷം വേഫെറർ ഫിലിംസ് തിയേറ്ററുകളിലെത്തിക്കുന്ന ചിത്രം കൂടിയാണിത്.
മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ എന്നീ അഞ്ച് ഭാഷകളിലായി പാൻ-ഇന്ത്യൻ തലത്തിലാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്. തെന്നിന്ത്യയിലെ നൂറിലധികം ലൊക്കേഷനുകളിലായി ചിത്രീകരണം പൂർത്തിയാക്കിയ ‘ഐ ആം ഗെയിം’ ദുൽഖറിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ചിത്രങ്ങളിലൊന്നായാണ് വിലയിരുത്തപ്പെടുന്നത്.
ദുൽഖറിന് പുറമെ ആന്റണി വർഗീസ്, തമിഴ് സംവിധായകനും നടനുമായ മിഷ്കിൻ, കായദു ലോഹർ, കതിർ, പാർത്ഥ് തിവാരി, സംയുക്ത വിശ്വനാഥൻ തുടങ്ങിയ പ്രമുഖ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
സജീർ ബാബ, ഇസ്മായിൽ അബൂബക്കർ, ബിലാൽ മൊയ്ദു എന്നിവർ ചേർന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്. സജീർ ബാബ, ആദർശ് സുകുമാരൻ, ഷബാസ് റഷീദ് എന്നിവരാണ് സംഭാഷണം.
ഛായാഗ്രഹണം: ജിംഷി ഖാലിദ്, സംഗീതം: ജേക്സ് ബിജോയ് (സീ മ്യൂസിക്), എഡിറ്റിംഗ്: ചമൻ ചാക്കോ, ആക്ഷൻ: അൻപറിവ് മാസ്റ്റേഴ്സ്, പ്രൊഡക്ഷൻ ഡിസൈൻ: അജയൻ ചാലിശ്ശേരി, മേക്കപ്പ്: റോണക്സ് സേവ്യർ, കോസ്റ്റ്യൂം: മഷർ ഹംസ.
