വിജയ്ക്ക് പിന്നാലെ ധനുഷും? ആൾക്കൂട്ടം മാത്രമാകാതെ ക്ഷേമപ്രവർത്തനങ്ങളിൽ സജീവമാകാൻ ആരാധകർക്ക് നിർദ്ദേശം

ചെന്നൈ: വിജയ്ക്ക് പിന്നാലെ തമിഴ് സിനിമയിൽ നിന്ന് മറ്റൊരു താരം കൂടി സജീവ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാനൊരുങ്ങുന്നുവെന്ന സൂചന നൽകി നടൻ ധനുഷ്. ആരാധകക്കൂട്ടം വെറും ജനക്കൂട്ടമായി മാറാതെ സാമൂഹിക-ക്ഷേമ പ്രവർത്തനങ്ങളിൽ സജീവമാകണമെന്ന് ധനുഷ് ആഹ്വാനം ചെയ്തു. രക്തദാന ക്യാമ്പിൽ താരം നടത്തിയ പ്രസംഗമാണ് തമിഴ്നാട് രാഷ്ട്രീയത്തിൽ പുതിയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുന്നത്.
പ്രാദേശിക തലത്തിൽ ജനങ്ങളുടെ ആവശ്യങ്ങൾ മനസ്സിലാക്കി ഇടപെടാനും ചുറ്റുമുള്ള കുടുംബങ്ങളെ സഹായിക്കാനും താരം ആരാധകരോട് നിർദേശിച്ചു. സിനിമ ആഘോഷിക്കുന്നതിനൊപ്പം സാമൂഹിക ഉത്തരവാദിത്തങ്ങളും ഏറ്റെടുക്കേണ്ടതുണ്ടെന്ന് ധനുഷ് ഓർമ്മിപ്പിച്ചു.
ദേശീയ ചലച്ചിത്ര പുരസ്കാരവുമായി ബന്ധപ്പെട്ട് ഉയർന്ന വിമർശനങ്ങൾക്കും ധനുഷ് പ്രസംഗത്തിൽ മറുപടി നൽകി. “മുൻപ് അർഹതയുള്ള പല സിനിമകളും തഴയപ്പെട്ടിട്ടുണ്ട്. മികച്ച മറ്റ് ചിത്രങ്ങൾ ഉണ്ടായിരുന്നുവെന്നത് സത്യമാണ്. എങ്കിലും ഒരു തമിഴ് താരത്തിന് ലഭിച്ച ഈ അംഗീകാരത്തെ തമിഴ് സിനിമയുടെ നേട്ടമായി കണ്ട് ആഘോഷിക്കൂ” – ധനുഷ് പറഞ്ഞു.
തമിഴക വെട്രി കഴകം (TVK) എന്ന പാർട്ടി പ്രഖ്യാപിക്കുന്നതിന് മുൻപ് നടൻ വിജയ് ‘വിജയ് മക്കൾ ഇയക്കം’ എന്ന സംഘടനയിലൂടെ വർഷങ്ങളോളം സമാനമായ രീതിയിൽ സാമൂഹിക സേവനങ്ങളിൽ സജീവമായിരുന്നു. വിജയിയുടെ അതേ പാത പിന്തുടർന്ന് ധനുഷും രാഷ്ട്രീയ പ്രവേശനത്തിന് കളമൊരുക്കുകയാണെന്നാണ് ആരാധകരുടെയും രാഷ്ട്രീയ നിരീക്ഷകരുടെയും വിലയിരുത്തൽ.
