സാരി വാങ്ങിക്കൊടുക്കാത്തതിന് ഭർത്താവിനെ കുക്കർ കൊണ്ട് അടിച്ചുകൊന്നു!

ജയ്പൂർ; സാരി വാങ്ങുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ ഭർത്താവിനെ പ്രഷർ കുക്കറിന്റെ അടപ്പ് കൊണ്ടടിച്ചും ശ്വാസം മുട്ടിച്ചും കൊലപ്പെടുത്തിയ കേസിൽ ഭാര്യ അറസ്റ്റിൽ. മഹാരാഷ്ട്രയിലെ ബാദ്ലാപൂരിലാണ് ഞെട്ടിക്കുന്ന സംഭവം. ബിഹാർ റോഹ്താസ് ജില്ല സ്വദേശിനിയായ സുനിതാദേവിയാണ് (35) ഭർത്താവ് ഹരേറാം കിഷുൻജി സിംഗിനെ (35) ക്രൂരമായി കൊലപ്പെടുത്തിയത്.
ചോദിച്ച സാരി വാങ്ങിനൽകിയില്ലെന്നതിനെ ചൊല്ലി ഇരുവരും തമ്മിൽ വീട്ടിൽ വെച്ച് രൂക്ഷമായ വഴക്കുണ്ടാവുകയായിരുന്നു. തർക്കം കൈയങ്കളിയിലെത്തിയതോടെ ദമ്പതികളുടെ ഏഴുവയസ്സുകാരനായ മകൻ സഹായത്തിനായി വീട്ടുടമസ്ഥന്റെ അടുത്തേക്ക് ഓടിയെത്തി. എന്നാൽ മറ്റുള്ളവർ ഇടപെടുന്നതിന് മുമ്പ് തന്നെ സുനിത വീട്ടിലുണ്ടായിരുന്ന പ്രഷർ കുക്കറിന്റെ അടപ്പുകൊണ്ട് ഹരേറാമിന്റെ തലക്കടിക്കുകയും തുടർന്ന് കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
കൃത്യത്തിന് ശേഷം സംഭവത്തെ കുറിച്ച് സുനിത വീട്ടുടമയോട് കള്ളം പറഞ്ഞു. തർക്കത്തിനിടെ ഭർത്താവിന് പെട്ടെന്ന് ഹൃദയാഘാതമുണ്ടാവുകയായിരുന്നു എന്നാണ് ഇവർ അയൽക്കാരെ ധരിപ്പിച്ചത്. തുടർന്ന്, സ്ത്രീയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് ആദ്യം അസ്വാഭാവിക മരണത്തിനാണ് കേസെടുത്തിരുന്നത്.
എന്നാൽ, മൃതദേഹം സർക്കാർ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം ചെയ്തതോടെയാണ് സുനിതയുടെ കള്ളം വെളിച്ചത്തായത്. തലക്കേറ്റ പരിക്കും കഴുത്തുഞെരിഞ്ഞതിനെ തുടർന്നുള്ള ശ്വാസതടസ്സവുമാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമായതായി ബാദ്ലാപ്പൂർ ഈസ്റ്റ് പൊലീസ് സ്റ്റേഷൻ സീനിയർ ഇൻസ്പെക്ടർ നിതിൻ പാട്ടീൽ സ്ഥിരീകരിച്ചു.
തുടർന്ന് പൊലീസ് നടത്തിയ വിശദമായ ചോദ്യം ചെയ്യലിലും കൊല്ലപ്പെട്ടയാളുടെ കുടുംബാംഗങ്ങളുടെയും വീട്ടുടമയുടെയും മൊഴികളുടെ അടിസ്ഥാനത്തിലും കേസിന്റെ ചുരുളഴിയുകയായിരുന്നു. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി ജൂലൈ 29 വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.
