എന്താണ് ഈ ‘സീബ്ര ഡ്രിങ്കിംഗ്’? ആഘോഷങ്ങളിൽ തരംഗമായി ജെൻ സിയുടെ പുതിയ ശീലം! ചിയേഴ്സ് പറയാം, പക്ഷേ ‘ഹാങ് ഓവര്’ വേണ്ടെന്ന് പുതിയ പിള്ളേർ

ഒരുകാലത്ത് ആഘോഷങ്ങൾ എന്നാൽ കടുപ്പമേറിയ മദ്യവും രാത്രി മുഴുവൻ നീളുന്ന ലഹരിയുമായിരുന്നു. എന്നാൽ പുതിയ കാലത്ത് വിപണിയിലെ കഥ മാറുകയാണ്. ‘ജെൻ സി’ തലമുറയും മില്ലേനിയലുകളും മദ്യപാനത്തെ വെറുമൊരു ലഹരിയായിട്ടല്ല, മറിച്ച് ആരോഗ്യത്തോടും മിതത്വത്തോടും കൂടിയ ഒരു ശീലമായി സമീപിക്കാൻ തുടങ്ങിയിരിക്കുന്നു.
ആരോഗ്യ സംരക്ഷണം കൈവിടാതെയുളള ഈ ശീലം വൻകിട ബിയർ നിർമാതാക്കളെപ്പോലും തങ്ങളുടെ പരമ്പരാഗത ഉൽപ്പാദന രീതി മാറ്റിച്ചിന്തിക്കാൻ പ്രേരിപ്പിച്ചിരിക്കുകയാണ്. രുചിക്ക് അപ്പുറം പോഷകഗുണം, മാനസിക-ശാരീരിക സന്തുലിതാവസ്ഥ, വേഗത്തിലുള്ള വീണ്ടെടുപ്പ് (Recovery) എന്നിവയ്ക്ക് പ്രാധാന്യം നൽകുന്ന പാനീയങ്ങളിലേക്കാണ് ആഗോള ബിയർ വിപണി ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. കുറഞ്ഞ ആൽക്കഹോളുള്ള ലാഗറുകൾ, ആൽക്കഹോൾ രഹിത ക്രാഫ്റ്റ് ബിയറുകൾ, ദഹനാരോഗ്യത്തിന് അനുയോജ്യമായ പ്രൊബയോട്ടിക് പാനീയങ്ങൾ എന്നിവയെല്ലാം ഇതിന്റെ ഭാഗമായി വിപണി കീഴടക്കുകയാണ്.
എന്താണ് ‘സീബ്ര ഡ്രിങ്കിങ്’?
ഇന്ത്യക്ക് പുറമെ യൂറോപ്പ്, വടക്കേ അമേരിക്ക, ഓസ്ട്രേലിയ എന്നിവിടങ്ങളിലെല്ലാം ഇത്തരം പാനീയങ്ങളുടെ വിൽപനയിൽ വൻ കുതിച്ചുചാട്ടമാണ് രേഖപ്പെടുത്തുന്നത്. ഇതിന്റെ ഭാഗമായി പ്രചാരത്തിലായ ഏറ്റവും പുതിയ ശീലമാണ് ‘സീബ്ര ഡ്രിങ്കിങ്’ (Zebra Drinking).
ആഘോഷങ്ങൾക്കിടയിൽ മദ്യത്തിനൊപ്പം ഇടവിട്ട് ആൽക്കഹോൾ ഇല്ലാത്ത പാനീയങ്ങളോ വെള്ളമോ കുടിക്കുന്ന രീതിയാണിത്. സൗഹൃദ കൂട്ടായ്മകളുടെ സന്തോഷം നഷ്ടപ്പെടുത്താതെ തന്നെ മിതത്വം പാലിക്കുക, കടുത്ത ‘ഹാങ് ഓവർ’ ഒഴിവാക്കുക എന്നതാണ് ഈ രീതിയുടെ ലക്ഷ്യം.
പബ്ബുകളിലും ബാറുകളിലും ദൃശ്യമാകുന്ന മാറ്റം
മേഖലയിലെ ഈ മാറ്റം ബാറുകളിലും റസ്റ്റോറന്റുകളിലും പ്രകടമാണ്. ബിയർ പ്രിയരായ ചെറുപ്പക്കാരിൽ 30 മുതൽ 35 ശതമാനം വരെ ആളുകൾ ഇപ്പോൾ കുറഞ്ഞ ആൽക്കഹോളുള്ള പാനീയങ്ങളോ മോക്ക്ടെയിലുകളോ ആണ് തിരഞ്ഞെടുക്കുന്നത് എന്ന് ബാറുടമകൾ വ്യക്തമാക്കുന്നു.
അടുത്ത ദിവസത്തെ തൊഴിലിനെയോ ശാരീരികക്ഷമതയെയോ (Fitness) ബാധിക്കാതെ ആഘോഷങ്ങളിൽ പങ്കാളികളാകാനാണ് ഭൂരിഭാഗം പേരും ഇന്ന് ആഗ്രഹിക്കുന്നത്. പത്ത് വർഷം മുമ്പുണ്ടായിരുന്ന വിപണി സാഹചര്യമല്ല ഇന്നത്തേതെന്ന് വ്യവസായ മേഖലയിലുള്ളവർ ചൂണ്ടിക്കാണിക്കുന്നു.
‘ബുദ്ധിപൂർവം കുടിക്കുക’; വിപണിയിലെ പുതിയ മാറ്റം
ബ്രാൻഡ് മഹിമയിലോ ആൽക്കഹോളിന്റെ അളവിലോ മാത്രം ഒതുങ്ങുന്നതല്ല ഇന്നത്തെ ഉപഭോക്തൃ ചിന്തകൾ.
- ലേബലുകൾ ശ്രദ്ധാപൂർവം വായിക്കുന്നു: ബോട്ടിലുകളിലെ ചേരുവകൾ വായിച്ച് മനസ്സിലാക്കിയ ശേഷമാണ് പലരും ഉൽപന്നങ്ങൾ വാങ്ങുന്നത്.
- രാസവസ്തുക്കൾ കുറഞ്ഞ പാനീയങ്ങൾ: കൃത്രിമ രാസവസ്തുക്കൾ കുറഞ്ഞതും സ്വന്തം ജീവിതശൈലിക്ക് അനുയോജ്യവുമായ പാനീയങ്ങൾ തിരഞ്ഞുപിടിക്കുന്നു.
മുൻ തലമുറകൾ ‘കൂടുതൽ കുടിക്കുക’ എന്നതിൽ ആഘോഷം കണ്ടെത്തിയപ്പോൾ, പുതിയ തലമുറ ‘ബുദ്ധിപൂർവം കുടിക്കുക’ എന്ന നിലപാടിലേക്ക് മാറിയിരിക്കുകയാണ്. പരമ്പരാഗതമായി തുടരുന്ന ഈ വ്യവസായത്തിൽ വരാനിരിക്കുന്ന ഏറ്റവും വലിയ മാറ്റവും ഇതുതന്നെയായിരിക്കും.
