പുത്തൻ ഈന്തപ്പന ഇനങ്ങളെ കണ്ടെത്താൻ പദ്ധതി

അബൂദബി: കാർഷിക ജനിതക വിഭവങ്ങളെ സംരക്ഷിക്കുന്നതിനായി പുതിയ ഈന്തപ്പന ഇനങ്ങൾ ശാസ്ത്രീയമായി രേഖപ്പെടുത്തുന്നതിനും തരംതിരിക്കുന്നതിനുമുള്ള ബൃഹത്തായ പദ്ധതിയുമായി അബൂദബി ഹെറിറ്റേജ് അതോറിറ്റി. യു.എ.ഇയുടെ പരമ്പരാഗത കാർഷിക പൈതൃകം സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ 22-ാമത് ലിവ ഈന്തപ്പഴ മേളയിലാണ് പദ്ധതി ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
വെറുമൊരു വിവരശേഖരണത്തിനപ്പുറം, കർഷകർ പുതുതായി വികസിപ്പിച്ചതും അപൂർവവുമായ ഈന്തപ്പന ഇനങ്ങളെ കൃത്യമായി തിരിച്ചറിയാനും ശാസ്ത്രീയമായി തരംതിരിക്കാനും ഇതിലൂടെ സാധിക്കും. ജനിതക വൈവിധ്യം സംരക്ഷിക്കുക, കാർഷിക ഗവേഷണങ്ങളെ പിന്തുണക്കുക, സുസ്ഥിര ഈന്തപ്പഴ കൃഷി പ്രോത്സാഹിപ്പിക്കുക എന്നിവ വഴി രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനും പദ്ധതി ലക്ഷ്യമിടുന്നു.
യു.എ.ഇയുടെ സാംസ്കാരിക സ്വത്വത്തിന്റെ പ്രതീകമായ ഈന്തപ്പന കൃഷിക്ക് ഭരണനേതൃത്വം നൽകുന്ന വലിയ പിന്തുണയുടെ പ്രതിഫലനമാണ് ഈ സംരംഭമെന്ന് അബൂദബി ഹെറിറ്റേജ് അതോറിറ്റി ചെയർമാൻ ഫാരിസ് ഖലഫ് അൽ മസ്രൂഇ പറഞ്ഞു.
കർഷകരുടെ കണ്ടുപിടിത്തങ്ങളെ അംഗീകരിക്കുന്നതിനൊപ്പം പുതിയ ഇനങ്ങളെ തിരിച്ചറിയാനും പേരിടാനുമുള്ള വ്യക്തമായ നടപടിക്രമങ്ങളാണ് ഒരുക്കുന്നതെന്ന് അതോറിറ്റി ആക്ടിങ് ഡയറക്ടർ ജനറൽ അബ്ദുല്ല മുബാറക് അൽ മുഹൈരി വ്യക്തമാക്കി. കർഷകർക്ക് ‘ഫലക് അൽ നാമൂസ്’ (Falak Al Namoos) ആപ്ലിക്കേഷൻ വഴി അപേക്ഷ സമർപ്പിക്കാം.
സാങ്കേതിക വിലയിരുത്തലിനും കൃഷിയിടങ്ങളിലെ നേരിട്ടുള്ള പരിശോധനകൾക്കും ശേഷമായിരിക്കും പുതിയ ഇനങ്ങൾക്ക് അംഗീകാരം നൽകി ദേശീയ ഡാറ്റാബേസിൽ ഉൾപ്പെടുത്തുക. പൂർണമായും പുതിയതും മുൻപ് രേഖപ്പെടുത്താത്തതുമായ ഇനങ്ങളായിരിക്കണം രജിസ്റ്റർ ചെയ്യേണ്ടത്. ഈന്തപ്പന കൃഷി, ടിഷ്യൂ കൾച്ചർ, ജനിതക പരിശോധന എന്നീ മേഖലകളിലെ വിദഗ്ധരടങ്ങുന്ന സമിതിയാണ് പരിശോധനകൾക്ക് നേതൃത്വം നൽകുന്നത്.
