ഇരിട്ടി വനത്തിൽ ജാർഖണ്ഡ് സ്വദേശിയുടെ തിരോധാനം: തെരച്ചിൽ ജാർഖണ്ഡിലേക്കും വ്യാപിപ്പിക്കാൻ അന്വേഷണ സംഘം

ഇരിട്ടി: വാളത്തോട് വനമേഖലയിൽ കാണാതായ ജാർഖണ്ഡ് സ്വദേശി വിജയ് ദഹങ്കയ്ക്കായുള്ള തെരച്ചിൽ രണ്ടാഴ്ച പിന്നിട്ടിട്ടും ഫലപ്രാപ്തിയിലെത്തിയില്ല. ഹൈടെക് ഡ്രോണുകൾ ഉപയോഗിച്ച് ഉൾവനങ്ങളിലടക്കം പൊലീസും വനംവകുപ്പും പരിശോധന നടത്തിയെങ്കിലും ഇയാളെക്കുറിച്ച് യാതൊരു വിവരവും ലഭിച്ചില്ല. ഇതോടെ അന്വേഷണം ജാർഖണ്ഡിലേക്ക് കൂടി വ്യാപിപ്പിക്കാൻ ഒരുങ്ങുകയാണ് അന്വേഷണ സംഘം.
ഈ മാസം പത്താം തീയതിയാണ് വിജയ് ദഹങ്കയെ വാളത്തോട് വനത്തിനുള്ളിൽ കാണാതാകുന്നത്. വിവരമറിഞ്ഞയുടൻ വനംവകുപ്പും പൊലീസും സംയുക്തമായി ദിവസങ്ങളോളം കാടിന്റെ ദുർഘടമായ ഉൾപ്രദേശങ്ങളിൽ വ്യാപക തെരച്ചിൽ നടത്തിയിരുന്നു. ആകാശമാർഗം ഡ്രോൺ നിരീക്ഷണം നടത്തിയെങ്കിലും തിരോധാനത്തെക്കുറിച്ച് വ്യക്തമായ സൂചനകളൊന്നും കണ്ടെത്താനായില്ല.
വിജയ് ദഹങ്ക കാട്ടുപാത വഴി അതിർത്തി കടന്ന് കർണാടകയിലേക്ക് പോയിരിക്കാനുള്ള സാധ്യതയും പൊലീസ് പരിശോധിക്കുന്നുണ്ട്. മാവോയിസ്റ്റ് സാന്നിധ്യമുള്ള വനമേഖലയായതിനാൽ ദുരൂഹത ഏറുന്ന സാഹചര്യത്തിൽ, ജാർഖണ്ഡിലെ ഇയാളുടെ സ്വദേശ കേന്ദ്രീകരിച്ചും അന്വേഷണം ഊർജിതമാക്കാനാണ് അധികൃതരുടെ തീരുമാനം.
