ഓടുന്ന ട്രെയിനിൽ നിന്ന് മോഷ്ടാവിനെ ചവിട്ടി താഴെയിട്ട സംഭവം: മലയാളി യാത്രക്കാരനെതിരെ കേസ്

മുംബൈ: ഓടുന്ന ട്രെയിനിൽ മോഷണശ്രമത്തിനിടെ യുവാവിനെ പുറത്തേക്ക് ചവിട്ടി താഴെയിട്ട സംഭവത്തിൽ മലയാളി യാത്രക്കാരനെതിരെ മുംബൈ പോലീസ് കേസെടുത്തു. ആലപ്പുഴ മാവേലിക്കര സ്വദേശി സുരേഷ് കുമാറിനെതിരെയാണ് നടപടി. എന്നാൽ, താൻ ചവിട്ടിയതിനെ തുടർന്നല്ല, രക്ഷപ്പെടാനായി മോഷ്ടാവ് സ്വയം ട്രാക്കിലേക്ക് ചാടുകയായിരുന്നുവെന്നാണ് സുരേഷിന്റെ വാദം.
കഴിഞ്ഞ 14-ന് വൈകീട്ട് 3:30-ഓടെ പൂനെ-ഹൗറ ആസാദ് ഹിന്ദ് എക്സ്പ്രസിലായിരുന്നു കേസിനാസ്പദമായ സംഭവം. മഹാരാഷ്ട്രയിലെ ക്ഷേത്രദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന സുരേഷിന്റെ പണവും മൊബൈൽ ഫോണും അടങ്ങിയ ബാഗ് ഉർകുരയ്ക്കും മന്ധറിനും ഇടയിൽ വെച്ച് ഒരു യുവാവ് കവരാൻ ശ്രമിക്കുകയായിരുന്നു.
മറ്റ് യാത്രക്കാർ പിടികൂടാൻ ശ്രമിച്ചതോടെ യുവാവ് ട്രെയിനിന് പുറത്തേക്ക് വലിഞ്ഞുകയറി ഫുട്ബോർഡിൽ തൂങ്ങിക്കിടന്നു. ബാഗ് തിരികെ ചോദിച്ചപ്പോൾ അത് ട്രാക്കിലേക്ക് എറിഞ്ഞ ശേഷം യുവാവ് തന്റെ കാലിൽ പിടിച്ച് വലിച്ചതായി സുരേഷ് പറയുന്നു.
അതേസമയം, ട്രെയിനിന്റെ വാതിലിന് സമീപം നിന്ന സുരേഷ് യുവാവിനെ കൈകൊണ്ട് തടയാൻ ശ്രമിക്കുകയും പിന്നീട് തലയിലും ശരീരത്തിലും മാറിമാറി ചവിട്ടുകയും ചെയ്യുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇതിന് പിന്നാലെയാണ് യുവാവ് ട്രാക്കിലേക്ക് വീഴുന്നത്.
തുടർന്ന് നടത്തിയ തിരച്ചിലിൽ സുരേഷിന്റെ ബാഗ് പോലീസ് കണ്ടെത്തിയെങ്കിലും പണവും ഫോണും നഷ്ടമായിരുന്നു. ട്രാക്കിലേക്ക് വീണതിന് ശേഷം എഴുന്നേറ്റു ഓടിയ മോഷ്ടാവിനായുള്ള തിരച്ചിൽ പോലീസ് ഊർജിതമാക്കിയിട്ടുണ്ട്.
