ബില്ലിനൊപ്പം സേവന ചാർജ്: റസ്റ്ററന്റുകൾക്ക് നോട്ടീസും പിഴയും

മുംബൈ: ഉപഭോക്താക്കളുടെ അനുമതിയില്ലാതെ ഭക്ഷണ ബില്ലിനൊപ്പം നിർബന്ധിതമായി സേവനചാർജ് (സർവീസ് ചാർജ്) ഈടാക്കിയ രാജ്യത്തെ പ്രമുഖ റസ്റ്ററന്റുകൾക്കും കഫേകൾക്കുമെതിരെ നടപടിയുമായി കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി (CCPA). ചായോസ്, ബാർബിക്യൂ നേഷൻ ഉൾപ്പെടെ രാജ്യത്താകമാനം 41 പ്രമുഖ സ്ഥാപനങ്ങൾക്കാണ് അതോറിറ്റി നോട്ടീസ് അയച്ചിരിക്കുന്നത്.
പ്രമുഖ കഫേ ശൃംഖലയായ ‘ചായോസി’ന്റെ നടത്തിപ്പുകാരായ സൺഷൈൻ ടീഹൗസ് ലിമിറ്റഡിന് 50,000 രൂപ പിഴ ശിക്ഷ വിധിച്ചു. കൂടാതെ, സ്വയം സർവീസ് ചാർജ് കൂട്ടിച്ചേർക്കുന്ന ബില്ലിങ് സോഫ്റ്റ്വേറുകളിൽ അടിയന്തര മാറ്റം വരുത്താനും നിർദ്ദേശം നൽകിയിട്ടുണ്ട്. ഫിയസ്റ്റ ബാർബിക്യൂ നേഷൻ, ലോപെറ ഫ്രഞ്ച് ബേക്കറി, ചൈന ഗേറ്റ് റസ്റ്ററന്റ്, ഫൂ അഹമ്മദാബാദ്, പട്നയിലെ കഫെ ബ്ലൂ ബോട്ടിൽ തുടങ്ങിയ വൻകിട സ്ഥാപനങ്ങളും നടപടി നേരിടുന്നവയുടെ പട്ടികയിലുണ്ട്. ബാക്കി സ്ഥാപനങ്ങൾക്കെതിരെയുള്ള നടപടികൾ പുരോഗമിക്കുകയാണ്.
ദേശീയ ഉപഭോക്തൃ ഹെൽപ്പ് ലൈൻ (NCH) വഴി ബില്ലുകൾ സഹിതം ഉപഭോക്താക്കൾ സമർപ്പിച്ച വ്യാപക പരാതികളുടെ അടിസ്ഥാനത്തിലാണ് കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രാലയത്തിന്റെ ഈ ഇടപെടൽ.
2019-ലെ ഉപഭോക്തൃ സംരക്ഷണ നിയമപ്രകാരം ഉപഭോക്താവിന്റെ മുൻകൂട്ടിയുള്ള സമ്മതമില്ലാതെ ബില്ലിൽ സേവനചാർജ് ഉൾപ്പെടുത്തുന്നത് അന്യായമായ വ്യാപാര രീതിയാണ് (Unfair Trade Practice). സേവനചാർജ് നൽകുന്നത് പൂർണ്ണമായും ഉപഭോക്താവിന്റെ വിവേചനാധികാരത്തിന് വിധേയമാണെന്നും അത് നിർബന്ധപൂർവ്വം ഈടാക്കാൻ സ്ഥാപനങ്ങൾക്ക് അവകാശമില്ലെന്നും അധികൃതർ വ്യക്തമാക്കി.
