പീഡനത്തിനിരയായ മൈനർ പെൺകുട്ടിയുടെ കുഞ്ഞിനെ മാതാപിതാക്കൾ വിറ്റു; പെൺകുട്ടി വീണ്ടും ഗർഭിണി

ബെംഗളൂരു: കർണാടകയിലെ ഹുബ്ലിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടി ക്രൂരമായ ലൈംഗിക പീഡനത്തിനിരയായ സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. പീഡനത്തെ തുടർന്ന് പെൺകുട്ടി പ്രസവിച്ച കുഞ്ഞിനെ മാതാപിതാക്കൾ മറ്റൊരു കുടുംബത്തിന് വിറ്റതായും, നിലവിൽ പെൺകുട്ടി വീണ്ടും ഗർഭിണിയാണെന്നും പോലീസ് വെളിപ്പെടുത്തുന്നു.
പീഡനം നടത്തിയ യുവാവ്, പെൺകുട്ടിയുടെ മാതാപിതാക്കൾ, രണ്ട് സ്വകാര്യ ഡോക്ടർമാർ എന്നിവർക്കെതിരെ പൊലീസ് കേസെടുത്തു. ധാർവാഡ് ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി.പ്രസവശേഷം മാതാപിതാക്കൾ കുഞ്ഞിനെ മറ്റൊരു കുടുംബത്തിന് വിറ്റതായാണ് ആരോപണം. നിലവിൽ പെൺകുട്ടി വീണ്ടും ഗർഭിണിയാണെന്ന് പോലീസ് സ്ഥിരീകരിച്ചു.
2025-ൽ പെൺകുട്ടിയെ പ്രലോഭിപ്പിച്ച് യുവാവ് പലതവണ ലൈംഗികമായി പീഡിപ്പിക്കുകയും ഇത് പെൺകുട്ടി ഗർഭിണിയാകാൻ ഇടയാക്കുകയുമായിരുന്നു. എന്നാൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടി ഗർഭിണിയാണെന്ന് അറിഞ്ഞിട്ടും മാതാപിതാക്കൾ ഈ വിവരം അധികാരികളിൽ നിന്ന് മറച്ചുവെച്ചു. കുഞ്ഞിന് സുഖമില്ലാത്തതിനാൽ കാർവാറിലുള്ള ഒരു ബന്ധുവിന്റെ കൂടെ നിർത്തി ചികിത്സിക്കുകയാണെന്നാണ് മാതാപിതാക്കൾ പറയുന്നത്. ഇക്കാര്യം പൊലീസ് പരിശോധിക്കും. പല കാര്യങ്ങളിലും വ്യക്തത വരാനുള്ളതിനാൽ സമഗ്രമായ അന്വേഷണം ആവശ്യമാണെന്നും ഹുബ്ലി പോലീസ് കമ്മീഷണർ എൻ. ശശി കുമാർ പറഞ്ഞു.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് ചികിത്സ നൽകുമ്പോൾ പാലിക്കേണ്ട നിയമപരമായ നടപടിക്രമങ്ങൾ പാലിക്കാത്തതിനും വിവരം പോലീസിനെയോ ചൈൽഡ് ലൈനെയോ അറിയിക്കാത്തതിനുമാണ് രണ്ട് സ്വകാര്യ ഡോക്ടർമാർക്കെതിരെ കേസെടുത്തിരിക്കുന്നത്.
“പെൺകുട്ടി മൈനറാണെന്ന് അറിഞ്ഞിട്ടും ബന്ധപ്പെട്ട വകുപ്പുകളെ വിവരമറിയിക്കാത്തതിനാണ് മാതാപിതാക്കൾക്കെതിരെ കേസെടുത്തത്. അധികൃതരെ അറിയിക്കാതെ ചികിത്സ നൽകിയതിനാണ് ഡോക്ടർമാർക്കെതിരെ കേസ്. കുഞ്ഞിനെ മറ്റൊരാൾക്ക് കൈമാറിയതായി പെൺകുട്ടിയിൽ നിന്ന് വിവരം ലഭിച്ചിട്ടുണ്ട്. കുഞ്ഞിനെ വിറ്റതാണെന്ന സംശയമുണ്ട്, ഇത് പോലീസ് അന്വേഷണത്തിൽ പുറത്തുവരും,” ധാർവാഡ് ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ പ്രകാശ് കോഡ്ലിവഡ വ്യക്തമാക്കി.
ഭാരതീയ ന്യായ സംഹിത, പോക്സോ നിയമം, മറ്റ് പ്രസക്തമായ വകുപ്പുകൾ എന്നിവ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി.
