‘എന്റെ അന്തസ്സിനെ കളങ്കപ്പെടുത്തി, നീതിക്കായി പോരാട്ടം തുടരും’; അശ്ലീലമായി ചിത്രം എഡിറ്റ് ചെയ്ത സംഭവത്തിൽ പ്രതികരിച്ച് അന്ന രാജൻ

അശ്ലീലമായി ചിത്രം എഡിറ്റ് ചെയ്തവർക്കെതിരെ നിയമപോരാട്ടവുമായി നടി അന്ന രാജൻ
മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അന്ന രാജൻ. ‘അങ്കമാലി ഡയറീസ്’ എന്ന ചിത്രത്തിലെ ലിച്ചി എന്ന കഥാപാത്രത്തിലൂടെ മലയാളികളുടെ മനസ്സിൽ ഇടംനേടിയ താരം, ഇന്ന് ഉദ്ഘാടന വേദികളിലും സോഷ്യൽ മീഡിയയിലും ഒരുപോലെ സജീവമാണ്. മികച്ച ആരാധക പിന്തുണയുള്ള താരം കൂടിയാണ് താരം.
എന്നാൽ, ഇപ്പോൾ സോഷ്യൽ മീഡിയയിൽ തനിക്കെതിരെ നടക്കുന്ന സൈബർ അതിക്രമത്തിനെതിരെ ശക്തമായ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് താരം. തന്റെ ഒരു ചിത്രം അശ്ലീലമായ രീതിയിൽ എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ച ഇൻസ്റ്റാഗ്രാം അക്കൗണ്ടിനെതിരെയാണ് അന്ന ആഞ്ഞടിച്ചിരിക്കുന്നത്.
തന്റെ ചിത്രത്തിന് പുറമെ മറ്റ് പ്രമുഖ നടിമാരുടെയും ചിത്രങ്ങൾ സമാനമായ രീതിയിൽ എഡിറ്റ് ചെയ്ത് ഈ അക്കൗണ്ടിലൂടെ പ്രചരിപ്പിക്കുന്നുണ്ടെന്ന് അന്ന വ്യക്തമാക്കുന്നു. ഇത്തരം അശ്ലീലവും അപകീർത്തികരവുമായ പോസ്റ്റുകൾ തന്റെ അന്തസ്സിനെ മുറിപ്പെടുത്തിയെന്നും, ഇതിന് പിന്നിൽ പ്രവർത്തിച്ചവർക്കെതിരെ നീതി ലഭിക്കുന്നത് വരെ നിയമപരമായി പോരാടുമെന്നും താരം വ്യക്തമാക്കി.
വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്ന് അഭ്യർത്ഥിച്ചുകൊണ്ട് കേരള പോലീസിനും സൈബർ പോലീസിനും അന്ന പരാതി നൽകിയിട്ടുണ്ട്. കുറ്റക്കാർക്കെതിരെ നടപടിയെടുക്കാൻ ആവശ്യമായ തെളിവുകൾ തന്റെ പക്കലുണ്ടെന്നും ഔദ്യോഗികമായി തന്നെ പരാതിയുമായി മുന്നോട്ട് പോകുമെന്നും അന്ന രാജൻ വ്യക്തമാക്കി.
