വധുവിന്റെ ബന്ധുക്കൾക്ക് ഐസ്ക്രീം നൽകിയില്ല; വിവാഹ വിരുന്നിനിടെ കൂട്ടത്തല്ല്, നിരവധിപ്പേർക്ക് പരിക്ക്

ഐസ്ക്രീം കിട്ടിയില്ല; കൊല്ലത്ത് കല്യാണവീട്ടിൽ വധൂവരന്മാരുടെ ബന്ധുക്കൾ തമ്മിൽ കൂട്ടത്തല്ല്!
പപ്പടത്തിനും ലെയ്സിനും വേണ്ടിയുള്ള കല്യാണത്തല്ലുകൾക്ക് പിന്നാലെ, ഇത്തവണ കൊല്ലത്ത് കല്ലുകടിയായത് ഐസ്ക്രീമിന്റെ പേരിലാണ്. വധുവിന്റെയും വരന്റെയും ആളുകൾ തമ്മിൽ അരങ്ങേറിയ കൂട്ടത്തല്ല് ഒടുവിൽ പോലീസെത്തിയാണ് ശാന്തമാക്കിയത്. കൊല്ലം പള്ളിമുക്കിലെ ബി.എസ്.എ ഓഡിറ്റോറിയത്തിലായിരുന്നു നാടകീയ സംഭവങ്ങൾ.
വിവാഹസൽക്കാരത്തിനിടെ വധുവിനൊപ്പം എത്തിയ സംഘം കാറ്ററിംഗുകാരോട് ഐസ്ക്രീം ആവശ്യപ്പെട്ടിരുന്നു. ആദ്യം നൽകിയെങ്കിലും, വീണ്ടും ആവശ്യപ്പെട്ടപ്പോൾ ഐസ്ക്രീം തീർന്നുപോയെന്ന മറുപടിയാണ് കാറ്ററിംഗ് ജീവനക്കാർ നൽകിയത്. ഇതോടെ തുടങ്ങിയ തർക്കം പിന്നീട് വധൂവരന്മാരുടെ ബന്ധുക്കൾ തമ്മിലുള്ള വലിയൊരു ഏറ്റുമുട്ടലായി മാറുകയായിരുന്നു.
തുടർന്ന് ഓഡിറ്റോറിയത്തിൽ പരസ്പരം തല്ല് രൂക്ഷമായതോടെ വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി. രംഗം ശാന്തമാക്കാൻ ചിലരെ പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. എന്നാൽ, ഐസ്ക്രീം പ്രശ്നമാകുന്നതിന് മുൻപ് തന്നെ ഇരുവിഭാഗവും തമ്മിൽ ചെറിയ രീതിയിലുള്ള അസ്വാരസ്യങ്ങൾ നിലനിന്നിരുന്നതായും സൂചനയുണ്ട്.
