
ന്യൂഡൽഹി: എൽഡിഎഫിന്റെ തെരഞ്ഞെടുപ്പ് പരാജയത്തിന്റെ ഒരു കാരണം പിണറായി വിജയന്റെ ധാർഷ്ട്യവും കോപവുമാണെന്ന വിമർശനം പലകോണുകളിൽ നിന്ന് ഉയർന്നിട്ടും അക്കാര്യത്തിൽ ഒരു മാറ്റവും കാണുന്നില്ല! പിണറായി വീണ്ടും മാധ്യമങ്ങൾക്ക് നേരെ ക്ഷുഭിതനായി. എന്തെങ്കിലും പറയാനുണ്ടെങ്കിൽ ഞാൻ പറയുമെന്നും നിങ്ങൾ ഇവിടെ ഈ വടിയും പിടിച്ചു നിൽക്കേണ്ടതില്ല എന്നും പിണറായി ഡൽഹിയിൽ മാധ്യമങ്ങൾക്ക് നേരെ കയർത്തു.
കേന്ദ്രകമ്മിറ്റി യോഗത്തിൽ പങ്കെടുത്ത ശേഷം കേരള ഹൗസിൽ തിരിച്ചെത്തിയപ്പോഴാണ് മാധ്യമ പ്രവർത്തകർ മൈക്കുമായി പിണറായിയെ സമീപിച്ചത്. വിഴിഞ്ഞം ഓഹരിക്കൈമാറ്റ വിഷയത്തിൽ പാർട്ടിയിൽ ഭിന്നാഭിപ്രായമുണ്ടോ എന്ന ചോദ്യമുയർന്നപ്പോൾ സംസാരിക്കാൻ തയ്യാറാവാഞ്ഞ പിണറായി ദേഷ്യത്തോടെ മാധ്യമപ്രവർത്തകരെ നേരിടുകയായിരുന്നു.
വിഴിഞ്ഞം ഓഹരിക്കൈമാറ്റ വിഷയത്തിലും ദിവ്യ എസ് അയ്യരുടെ സ്ഥലം മാറ്റ വിഷയത്തിലും സിപിഎമ്മിൽ രണ്ട് അഭിപ്രായം ഉയരുന്നതിൽ പിണറായിക്ക് കടുത്ത അതൃപ്തിയാണെന്നാണ് റിപ്പോർട്ടുകൾ. ഓഹരിക്കൈമാറ്റ വിഷയത്തിൽ നിലപാട് എടുക്കുന്നതിൽ പാർട്ടിക്ക് വീഴ്ചയുണ്ടായി എന്നാണ് ഇ.പി ജയരാജൻ നിലപാടെടുത്തത്. കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ രാഗേഷിനെ വിമർശിച്ചുകൊണ്ട് ജയരാജന്റെ അതേ നിലപാട് പി.കെ ശ്രീമതിയും വ്യക്തമാക്കിയിരുന്നു. സ്ഥലംമാറ്റ വിഷയത്തിൽ സർക്കാരിന് അധികാരമുണ്ടെന്നും രാഗേഷ് വിമർശിക്കുമ്പോൾ വ്യക്തതയുണ്ടാവണമെന്നും ശ്രീമതി പറഞ്ഞിരുന്നു. അതേസമയം, രാഗേഷിനെ പിന്തുണച്ച് പാർട്ടി സെക്രട്ടറി എം വി ഗോവിന്ദൻ രംഗത്തുവന്നു. എകെ ബാലനും തോമസ് ഐസകും രാഗേഷിന്റെ നിലപാടിനെ അനുകൂലിക്കുകയാണ് ചെയ്തത്. ഇതോടെ പാർട്ടിയിലെ ഭിന്നത വ്യക്തമായിരിക്കുകയാണ്.
