
യു.ഡി.എഫ് ബജറ്റ് അടിസ്ഥാന വിദ്യാഭ്യാസം അവഗണിച്ചു; എൽ.ഡി.എഫ് നേട്ടങ്ങളെ മറികടക്കാനാകില്ലെന്ന് വി. ശിവൻകുട്ടി
തിരുവനന്തപുരം: യു.ഡി.എഫ് സർക്കാരിന്റെ 2026-27 സാമ്പത്തിക വർഷത്തെ പുതുക്കിയ ബജറ്റ് പൊതുവിദ്യാഭ്യാസ മേഖലയോട് കടുത്ത അവഗണന കാണിക്കുന്നതാണെന്ന് മുൻ വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി. ഉന്നത വിദ്യാഭ്യാസത്തിലോ മറ്റ് മേഖലകളിലോ ചില പ്രഖ്യാപനങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും അടിസ്ഥാന ജനകീയ വിദ്യാഭ്യാസം പൂർണ്ണമായും അവഗണിക്കപ്പെട്ടിരിക്കുകയാണെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
പ്രീ-പ്രൈമറി, സ്കൂൾ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഉയർത്തുന്നതിനോ അധ്യാപക ക്ഷേമത്തിനോ ഡിജിറ്റൽ വിദ്യാഭ്യാസ വിപുലീകരണത്തിനോ ബജറ്റിൽ സമഗ്രമായ ദർശനങ്ങളില്ല. മുൻ എൽ.ഡി.എഫ് സർക്കാർ വിദ്യാർത്ഥികളുടെ സുരക്ഷയ്ക്കായി കൊണ്ടുവന്ന സ്കൂൾ ഇൻഷുറൻസ് പദ്ധതി പുതിയ ബജറ്റിൽ അപ്രസക്തമാക്കിയതായും അദ്ദേഹം കുറ്റപ്പെടുത്തി.
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം, വിദ്യാകിരണം മിഷൻ, സ്കൂൾ അടിസ്ഥാന സൗകര്യ വികസനം, അധ്യാപക ശേഷി വർധന, ഡിജിറ്റൽ-എ.ഐ പഠനമുറികൾ എന്നിവയിലൂടെ എൽ.ഡി.എഫ് സർക്കാർ നടപ്പാക്കിയ വിപ്ലവകരമായ മാറ്റങ്ങൾ ലക്ഷക്കണക്കിന് കുട്ടികളുടെ ജീവിതത്തെ സ്പർശിച്ചവയാണ്. പട്ടികവർഗ്ഗ-പിന്നാക്ക വിദ്യാർത്ഥികൾക്കുള്ള പ്രത്യേക പദ്ധതികൾക്കും മുൻപ് വലിയ തുക വകയിരുത്തിയിരുന്നു. എൽ.ഡി.എഫ് ഭരണത്തിന്റെ ഇത്തരം ജനകീയ നേട്ടങ്ങളെ തമസ്കരിക്കാനുള്ള യു.ഡി.എഫിന്റെ ശ്രമം ഫലം കാണില്ലെന്നും ഇത് വെറും പ്രഖ്യാപന രാഷ്ട്രീയം മാത്രമാണെന്നും ശിവൻകുട്ടി ആരോപിച്ചു.
