
ഓൺലൈൻ ഫുഡ് ഡെലിവറി ആപ്പുകളുടെ ഉപഭോഗം നഗരവാസികളുടെ പോക്കറ്റ് എങ്ങനെ ചോർത്തുന്നു എന്നതിന്റെ വ്യക്തമായ ഉദാഹരണമാണ് ഗുരുഗ്രാമിൽ നിന്നും പുറത്തുവരുന്ന ഈ വാർത്ത. മൂന്ന് മാസത്തെ ഫുഡ് ബില്ലിന്റെ കണക്കുകൾ കണ്ട് കണ്ണ് തള്ളിയിരിക്കുകയാണ് ഒരു പിജി താമസക്കാരി.
റെഡ്ഡിറ്റിൽ യുവതി പങ്കുവെച്ച കുറിപ്പ് അനുസരിച്ച് 35,400 രൂപയാണ് മൂന്ന് മാസത്തെ ആകെ ഭക്ഷണച്ചെലവ്. ആദ്യ മാസം 11,400 രൂപയും, രണ്ടാം മാസം 13,200 രൂപയും, മൂന്നാം മാസം 10,800 രൂപയുമാണ് യുവതി ഭക്ഷണത്തിനായി മാത്രം ചെലവിട്ടത്. സൊമാറ്റോ പോലുള്ള ആപ്പുകളെ അമിതമായി ആശ്രയിച്ചതും പുറത്തുനിന്നുള്ള ഭക്ഷണരീതിയുമാണ് തുക ഇത്രയും വർദ്ധിക്കാൻ കാരണമായതെന്ന് യുവതി പറയുന്നു. നഗരങ്ങളിൽ ഒറ്റയ്ക്ക് താമസിക്കുന്ന ഭൂരിഭാഗം യുവാക്കളുടെയും അവസ്ഥ ഇതുതന്നെയാണെന്ന കമന്റുകളോടെ പോസ്റ്റ് ഇതിനകം വൈറലായിക്കഴിഞ്ഞു.
പണം പോയതിനേക്കാൾ വലിയൊരു നിരാശയാണ് ഈ ഓർഡറുകൾ തനിക്ക് നൽകിയതെന്ന് യുവതി പറയുന്നു. യാന്ത്രികമായി മൊബൈലിൽ നോക്കി ഭക്ഷണം ഓർഡർ ചെയ്ത് കഴിക്കുന്നത് ഒരു ശീലമായി മാറിയെങ്കിലും, അത് ശാരീരികമായോ മാനസികമായോ യാതൊരു തൃപ്തിയും നൽകിയില്ലെന്നാണ് ഇവരുടെ തുറന്നുപറച്ചിൽ.
പോസ്റ്റ് വൈറലായതോടെ വലിയ ചർച്ചകൾക്കാണ് സോഷ്യൽ മീഡിയ വേദിയായത്. ഓഫീസ് തിരക്കുകൾക്കിടയിൽ പാചകം എളുപ്പമല്ലാത്തതിനാൽ ഈ തുക വലിയ കാര്യമല്ലെന്ന് ചിലർ കമന്റ് ചെയ്തപ്പോൾ, ഒരു കുക്കിനെ വെക്കുന്നതാണ് ഇതിലും ലാഭമെന്ന് ഭൂരിഭാഗം പേരും ചൂണ്ടിക്കാട്ടി. പുറത്തുനിന്നുള്ള ഈ അമിത ഭക്ഷണരീതി മെട്രോ നഗരങ്ങളിലെ യുവാക്കളുടെ ആരോഗ്യത്തെയും സമ്പാദ്യത്തെയും എങ്ങനെ ബാധിക്കുന്നു എന്നതിന്റെ ചർച്ചകൾ ഇപ്പോഴും റെഡ്ഡിറ്റിൽ സജീവമാണ്.
