
കൊച്ചി: കെ.എസ്.ആർ.ടി.സി ബസുകളിൽ യാത്ര ചെയ്യുന്ന സ്ത്രീകളിൽ 10 ശതമാനം മാത്രമാണ് ഉയർന്ന വരുമാനക്കാരെന്നും, അവരുടെ പേരിൽ ഭൂരിപക്ഷം വരുന്ന സാധാരണക്കാരായ സ്ത്രീകൾക്ക് ഉപകാരപ്പെടുന്ന സൗജന്യ യാത്രാ പദ്ധതി മോശമാണെന്ന് പറയാനാകില്ലെന്നും ഹൈക്കോടതി. യാത്രക്കാർ ഏത് വരുമാന വിഭാഗത്തിൽപ്പെട്ടവരാണെന്ന് പ്രത്യേകം കണ്ടെത്തി വേർതിരിക്കുക എന്നത് പ്രായോഗികമായി ബുദ്ധിമുട്ടാണെന്നും ചീഫ് ജസ്റ്റിസ് സൗമെൻ സെൻ, ജസ്റ്റിസ് വി.എം. ശ്യാംകുമാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്നത് ഭരണഘടനാവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി എറണാകുളം സ്വദേശി മുഹമ്മദ് ഫിർദൗസ് നൽകിയ പൊതുതാൽപര്യ ഹർജി വിധി പറയാൻ മാറ്റിക്കൊണ്ടായിരുന്നു ഡിവിഷൻ ബെഞ്ചിന്റെ ഈ സുപ്രധാന നിരീക്ഷണം.
സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കിയതെന്നും സ്ത്രീകൾക്കായി പ്രത്യേക ഇളവുകൾ അനുവദിക്കുന്നതിൽ തെറ്റില്ലെന്ന് സുപ്രീംകോടതിയുടെ മുൻവിധികളുണ്ടെന്നും സർക്കാരിന് വേണ്ടി അഡ്വക്കറ്റ് ജനറൽ ജാജു ബാബു വാദിച്ചു. രാജ്യത്തെ കുറഞ്ഞത് എട്ട് സംസ്ഥാനങ്ങളിലെങ്കിലും നിലവിൽ ഈ പദ്ധതി വിജയകരമായി നടപ്പാക്കിയിട്ടുണ്ടെന്നും അദ്ദേഹം കോടതിയെ അറിയിച്ചു. “തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിക്കേണ്ടതല്ലേ” എന്ന് ഹർജിക്കാരനോട് കോടതിയും ആരാഞ്ഞു. കേസ് ഇപ്പോൾ വിധി പറയാനായി മാറ്റിയിരിക്കുകയാണ്.
