9-5 ജോലിക്ക് എന്താണ് കുഴപ്പം? അത് ആസ്വദിക്കുന്നവരില്ലേ? ചോദ്യവുമായി ടെക്കി

ന്യൂഡൽഹി: കോർപ്പറേറ്റ് ജോലി ഉപേക്ഷിച്ച് ഫുൾടൈം കണ്ടന്റ് ക്രിയേഷനിലേക്കും ട്രാവൽ ഇൻഫ്ലുവൻസിംഗിലേക്കും തിരിയാൻ സോഷ്യൽ മീഡിയ ഉപദേശിക്കുന്ന കാലത്ത്, വ്യത്യസ്തമായൊരു കാഴ്ചപ്പാടുമായി രംഗത്തെത്തിയിരിക്കുകയാണ് യുവ ടെക്കിയായ യുക്ത. 9 മുതൽ 5 വരെയുള്ള ഒരു സ്ഥിരജോലി ആസ്വദിക്കുന്നതിൽ യാതൊരു തെറ്റുമില്ലെന്നും അത് ജീവിതം ആസ്വദിക്കുന്നതിന് തടസ്സമല്ലെന്നും ചൂണ്ടിക്കാട്ടുന്ന യുക്തയുടെ ഇൻസ്റ്റഗ്രാം വീഡിയോ ഇപ്പോൾ വലിയ ചർച്ചയായിരിക്കുകയാണ്.
സ്ഥിരമായൊരു വരുമാന സ്രോതസ്സ് നൽകുന്ന 9-5 ജോലിയിൽ താൻ തികച്ചും സന്തോഷവതിയാണെന്ന് യുക്ത പറയുന്നു. “ഇൻസ്റ്റഗ്രാം തുറക്കുമ്പോഴൊക്കെ ജോലി ഉപേക്ഷിച്ച് ലോകം ചുറ്റി സഞ്ചരിക്കാനാണ് പലരും ഉപദേശിക്കുന്നത്. എന്നാൽ ഇത്തരം ഒരു ജോലി നിങ്ങളുടെ സ്വന്തം ജീവിതം ജീവിക്കുന്നതിൽ നിന്ന് നിങ്ങളെ തടയുന്നില്ല,” വീഡിയോയിൽ അവർ വ്യക്തമാക്കി.
ഒരു ഫുൾടൈം ജോലി ഉണ്ടെന്നുവെച്ച് യാത്രകളോ കുടുംബത്തോടൊപ്പമുള്ള സമയമോ മറ്റ് ലക്ഷ്യങ്ങളോ ഉപേക്ഷിക്കേണ്ടതില്ലെന്നാണ് ഇവരുടെ നിലപാട്. വരാന്ത്യങ്ങളിൽ യാത്ര ചെയ്യാനും, പുതിയ കാര്യങ്ങൾ പഠിക്കാനും, രണ്ടാമതൊരു വരുമാന സ്രോതസ്സ് കണ്ടെത്താനും 9-5 ജോലിക്ക് ഉള്ളിൽനിന്നുതന്നെ സാധിക്കും. 9-5 ജോലിയെ സ്നേഹിക്കുന്നവരെ എന്തോ കുറഞ്ഞ കാര്യം തിരഞ്ഞെടുത്തവരായി ചിത്രീകരിക്കുന്നത് അവസാനിപ്പിക്കണമെന്നും അവർ കൂട്ടിച്ചേർത്തു.
‘9-5 എന്നത് ഒരു ബാക്ക്-അപ്പ് പ്ലാൻ അല്ല, മറിച്ച് നമ്മൾ ആഗ്രഹിക്കുന്ന ജീവിതം കെട്ടിപ്പടുക്കാൻ സഹായിക്കുന്ന ശക്തമായ അടിത്തറയാണ്’ എന്ന കുറപ്പോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. തൊഴിൽ അന്തരീക്ഷത്തിലെ മാനസിക സമ്മർദ്ദങ്ങൾക്കിടയിലും സ്ഥിരതയുള്ള ജോലിയെ അനുകൂലിച്ചുള്ള യുക്തയുടെ വീഡിയോയ്ക്ക് നിരവധി ആളുകളാണ് പിന്തുണയുമായി സോഷ്യൽ മീഡിയയിൽ എത്തുന്നത്.
