3 കോടി ശമ്പളം കിട്ടുന്ന ജോലിയുപേക്ഷിച്ച് യാത്ര, തിരികെയെത്തിയപ്പോള് വന്ന മാറ്റം; അനുഭവം പങ്കുവച്ച് അണ്ടർനീറ്റ് സിഇഒ

പ്രതിവർഷം മൂന്ന് കോടി രൂപ ശമ്പളമുള്ള ഉയർന്ന ജോലി ഉപേക്ഷിച്ച് ലോകം ചുറ്റാനിറങ്ങിയ അനുഭവ കഥ പങ്കുവെച്ച് യുവ സംരംഭകനായ വിമാർഷ് റസ്ദാൻ. പ്രശസ്ത താരം കുഷ കപിലയുടെ ഷേപ്പ്വെയർ ബ്രാൻഡായ ‘അണ്ടർനീറ്റി’ന്റെ സഹസ്ഥാപകനും സി.ഇ.ഒയുമായ റസ്ദാൻ, തന്റെ ലിങ്ക്ഡ്ഇൻ കുറിപ്പിലൂടെയാണ് ഈ വേറിട്ട യാത്രയെക്കുറിച്ച് വെളിപ്പെടുത്തിയത്. വൻ തുക ശമ്പളമുള്ള ജോലി വേണ്ടെന്നുവെച്ചപ്പോൾ ആളുകൾ തനിക്ക് ഭ്രാന്താണെന്ന് പറഞ്ഞതായി അദ്ദേഹം ഓർത്തെടുക്കുന്നു.
13 വർഷത്തെ കഠിനാധ്വാനത്തിന് ശേഷമാണ് ഇത്തരം ഒരു വലിയ തീരുമാനത്തിലേക്ക് റസ്ദാൻ എത്തിയത്. മുൻപ് ജോലിത്തിരക്ക് കാരണം ഉറങ്ങാൻ വേണ്ടി മാത്രമാണ് താൻ വീട്ടിൽ പോയിരുന്നതെന്ന് അദ്ദേഹം പറയുന്നു. “എന്റെ ജീവിതത്തിലെ 13 വർഷം ഉറങ്ങാൻ വേണ്ടി മാത്രമാണ് ഞാൻ വീട്ടിൽ പോയിരുന്നത്. ദിവസവും 18 മുതൽ 20 മണിക്കൂർ വരെ ജോലി ചെയ്യുന്നത് എനിക്ക് സാധാരണ കാര്യമായിരുന്നു. എന്നാൽ ഒരു ദിവസം ഇതെല്ലാം ഉപേക്ഷിക്കാൻ ഞാൻ തീരുമാനിക്കുകയായിരുന്നു,” – വിമാർഷ് കുറിപ്പിൽ വ്യക്തമാക്കി.
തുടർന്ന് ഒരു വർഷക്കാലം ഐസ്ലാൻഡ്, ക്രൊയേഷ്യ, പാരിസ് ഉൾപ്പെടെ യൂറോപ്പിലെ സാധ്യമായ എല്ലാ ഇടങ്ങളിലേക്കും അദ്ദേഹം യാത്ര ചെയ്തു. ഈ ഒരു വർഷത്തെ ഇടവേളയും യാത്രകളും ജീവിതത്തെയും കരിയറിനെയും കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകളെ പൂർണ്ണമായും മാറ്റിമറിച്ചതായി വിമാർഷ് വ്യക്തമാക്കുന്നു.
“തിരിച്ചെത്തിയപ്പോൾ ഞാൻ കാര്യങ്ങളെ സമീപിച്ച രീതി തന്നെ മാറി. വിശ്രമത്തിനും ചിന്തിക്കാനുള്ള സമയത്തിനും കൂടെയുള്ള കഴിവുള്ള ആളുകൾക്കും കൂടുതൽ പ്രാധാന്യം നൽകാൻ തുടങ്ങി. സത്യത്തിൽ എന്താണ് നിർമ്മിക്കേണ്ടതെന്നും ആർക്കൊപ്പമാണ് പ്രവർത്തിക്കേണ്ടതെന്നും കൃത്യമായി ചിന്തിക്കാൻ ആ യാത്ര എന്നെ സഹായിച്ചു. അതിലൂടെ ലഭിച്ച വ്യക്തതയാണ് പിന്നീട് മറ്റ് രണ്ട് ബിസിനസുകൾ കൂടി ആരംഭിക്കാൻ എനിക്ക് കരുത്തായത്,” – വിമാർഷ് കൂട്ടിച്ചേർത്തു.
റസ്ദാന്റെ പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൻതോതിൽ ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു. കരിയറിൽ ഇത്തരം ഇടവേളകൾ (Gap Years) എടുക്കുന്നത് മാനസികാരോഗ്യത്തിനും ഭാവിയിലേക്കുള്ള വ്യക്തതയ്ക്കും വളരെ നല്ലതാണെന്ന് അഭിപ്രായപ്പെട്ട് നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്റുകളുമായി എത്തുന്നത്.
