256 മണിക്കൂറുകള്‍, 131 വിദഗ്ധരുടെ പരിശ്രമം; ഗൗരിക്കായി ആമിര്‍ ഒരുക്കിയ അപൂര്‍വ വിവാഹമോതിരം

മുംബൈ: ബോളിവുഡ് താരം ആമിര്‍ ഖാനും കാമുകി ഗൗരി സ്പ്രാറ്റും വിവാഹിതരായി. മുംബൈയിലെ വസതിയില്‍ നടന്ന ലളിതമായ ചടങ്ങില്‍ മക്കളും കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.
പരമ്പരാഗത വസ്ത്രങ്ങളിലായിരുന്നു ഇരുവരും എത്തിയത്. ഐവറി നിറത്തിലുള്ള കുര്‍ത്തയും ധോത്തിയുമായിരുന്നു ആമിറിന്റെ വേഷം. പാസ്റ്റല്‍ നിറത്തിലുള്ള ലഹങ്കയില്‍ അതീവ സുന്ദരിയായിരുന്നു ഗൗരി. പാളികളായ നെക്ലേസുകളും സൈഡ് പാര്‍ട്ടഡ് ഹെയര്‍സ്റ്റൈലുമാണ് ഗൗരിയുടെ വേഷത്തിന് കൂടുതല്‍ തിളക്കമേകിയത്.
ചടങ്ങില്‍ ഏറെ ശ്രദ്ധ നേടിയത് ഗൗരിക്കായി പ്രത്യേകം രൂപകല്‍പ്പന ചെയ്ത വിവാഹമോതിരമാണ്. ആഡംബര ബ്രാന്‍ഡായ ‘ക്വീന്‍’ (Queen) ആണ് മോതിരം രൂപകല്‍പ്പന ചെയ്തത്. മോതിരത്തിന്റെ മധ്യഭാഗത്ത് മഡഗാസ്കറില്‍ നിന്ന് കണ്ടെടുത്ത അത്യപൂര്‍വമായ പ്രകൃതിദത്ത കാബോഷന്‍ കട്ട് റൂബിയാണ് പതിപ്പിച്ചിട്ടുള്ളത്. ഈ അപൂര്‍വ രത്നം കണ്ടെത്താന്‍ മൂന്നു മാസത്തിലേറെ സമയം എടുത്തതായി ക്വീന്‍ സഹസ്ഥാപകനും സിഇഒയുമായ അമിത് കുമാര്‍ വ്യക്തമാക്കി.
256 മണിക്കൂറിലേറെ നീണ്ട, 131 വിദഗ്ധരായ ജോലിക്കാരുടെ കഠിനാധ്വാനത്തിലൂടെയാണ് ഈ മോതിരം നിര്‍മിച്ചത്. രാജകീയ ഭംഗി തുളുമ്പുന്ന ഈ മോതിരം, തലമുറകളായി കൈമാറാന്‍ കഴിയുന്ന ഒരു അമൂല്യ പൈതൃകാഭരണമായാണ് തയ്യാറാക്കിയിരിക്കുന്നത്.
