മഴക്കെടുതിയില്‍ 15 മരണം ; എട്ടുലക്ഷം ധനസഹായം ; ഉരുള്‍പൊട്ടലില്‍ നഷ്ടമുണ്ടായവര്‍ക്ക് 12 ലക്ഷം

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴക്കെടുതിയിൽ 15 പേർ മരിച്ചതായും ഏഴുപേരെ കാണാതായതായും മുഖ്യമന്ത്രി വി.ഡി. സതീശൻ അറിയിച്ചു. 316 ദുരിതാശ്വാസ ക്യാമ്പുകളിലായി പതിനായിരത്തിലധികം ആളുകളെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. മരിച്ചവരുടെ കുടുംബങ്ങൾക്ക് 8 ലക്ഷം രൂപയും സംസ്ക്കാര ചടങ്ങുകൾക്കായി 10,000 രൂപയും പ്രഖ്യാപിച്ചു. ഉരുൾപൊട്ടലിൽ വീടും സ്ഥലവും നഷ്ടപ്പെട്ടവർക്ക് 12 ലക്ഷം രൂപയും വീട് പൂർണ്ണമായും നഷ്ടപ്പെട്ടവർക്ക് 6 ലക്ഷം രൂപയും ധനസഹായം ലഭിക്കും. വീടുകളിൽ വെള്ളം കയറിയവർക്ക് 10,000 രൂപ നൽകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇത് മിന്നൽപ്രളയമായതിനാലും ഐ.എം.ഡി.ക്ക് മുൻകൂട്ടി മുന്നറിയിപ്പ് നൽകാൻ കഴിയാതെ പോയതിനാലും ആളുകളെ ഒഴിപ്പിക്കാൻ സമയം ലഭിച്ചില്ല. 165 ഹെക്ടറിലെ കൃഷി നശിക്കുകയും 3596 കർഷകരെ ബാധിക്കുകയും ചെയ്തിട്ടുണ്ട്. ഡാമുകളിലെ ജലനിരപ്പ് താഴെയാണെന്നും വ്യാജപ്രചാരണങ്ങൾ നടത്തിയാൽ കർശന നടപടിയുണ്ടാകുമെന്നും മുന്നറിയിപ്പ് നൽകി. എൻ.ഡി.ആർ.എഫ് സംഘം, മത്സ്യബന്ധന ബോട്ടുകൾ, പോലീസ്, ഫയർഫോഴ്സ് എന്നിവരെല്ലാം രക്ഷാപ്രവർത്തനത്തിനായി സജ്ജമാക്കിയിട്ടുണ്ട്.
