25 വര്ഷങ്ങള്ക്കു ശേഷം ബിഗ്സ്ക്രീനിലെത്തിയതിന്റെ സന്തോഷം പങ്കുവെച്ച് ചിപ്പി രഞ്ജിത്ത്

25 വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം ബിഗ് സ്ക്രീനിലേക്ക് മടങ്ങിയെത്തിയതിന്റെ സന്തോഷം പങ്കുവെച്ച് പ്രശസ്ത നടി ചിപ്പി രഞ്ജിത്ത്. മോഹൻലാലിന്റെ മകൾ വിസ്മയ ആദ്യമായി നായികയാകുന്ന ‘തുടക്കം’ എന്ന ചിത്രത്തിലൂടെയാണ് ചിപ്പിയുടെ ശക്തമായ തിരിച്ചുവരവ്. ചിത്രത്തിൽ വിസ്മയയുടെ അമ്മയുടെ വേഷത്തിലാണ് താരം എത്തുന്നത്.
“25 വർഷത്തിനു ശേഷം വീണ്ടുമൊരു സിനിമയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ വലിയ സന്തോഷമുണ്ട്. ആശീർവാദ് സിനിമാസിനും ആന്റണി പെരുമ്പാവൂരിനും സുചിത്ര മോഹൻലാലിനും എന്റെ ഹൃദയം നിറഞ്ഞ നന്ദി. അരങ്ങേറ്റ ചിത്രത്തിൽ വിസ്മയയ്ക്ക് എല്ലാവിധ ആശംസകളും നേരുന്നു,” എന്ന് ചിപ്പി സോഷ്യൽ മീഡിയയിൽ കുറിച്ചു. ചിപ്പിയുടെ തിരിച്ചുവരവിൽ ആവേശം പ്രകടിപ്പിച്ച ആരാധകർ, താരം ഇനി സിനിമയിൽ സജീവമാകണമെന്ന ആഗ്രഹവും കമന്റുകളിലൂടെ പങ്കുവെക്കുന്നുണ്ട്.
2000-ൽ പുറത്തിറങ്ങിയ ‘കാറ്റുവന്നു വിളിച്ചപ്പോൾ’ എന്ന ചിത്രത്തിലാണ് ചിപ്പി അവസാനമായി വെള്ളിത്തിരയിലെത്തിയത്. തുടർന്ന് സിനിമയിൽ നിന്ന് വിട്ടുനിന്ന താരം ടെലിവിഷൻ പരമ്പരകളിലൂടെയും നിർമാണരംഗത്തും സജീവ സാന്നിധ്യമായിരുന്നു. അടുത്തിടെ പുറത്തിറങ്ങിയ ‘തുടക്ക’ത്തിലെ ‘തളിരോമലേ’ എന്ന ഗാനരംഗത്തിലെ ചിപ്പിയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൻ ഹിറ്റായിരുന്നു.
ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മോഹൻലാലും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. നിർമാതാവ് ആന്റണി പെരുമ്പാവൂരിന്റെ മകൻ ആശിഷ് ആന്റണിയാണ് ചിത്രത്തിൽ വില്ലൻ വേഷത്തിലെത്തുന്നത്.
