22 വർഷം ജയിലിൽ; ഒടുവിൽ നിരപരാധിയെന്ന് സുപ്രീംകോടതി, പുനരധിവാസത്തിനും നിർദേശം

കൊലപാതകക്കേസിൽ മതിയായ തെളിവുകളില്ലാതെ 22 വർഷം ജയിൽവാസം അനുഭവിച്ച ഒഡിഷ സ്വദേശി അർജുൻ ജാനിയെ സുപ്രീംകോടതി കുറ്റവിമുക്തനാക്കി. തെളിവുകളുടെ അഭാവത്തിൽ ഒരാളുടെ ജീവിതത്തിലെ അമൂല്യമായ രണ്ടു ദശാണ്ടിലധികം നഷ്ടമായെന്ന് ചൂണ്ടിക്കാട്ടിയ കോടതി, അദ്ദേഹത്തിന്റെ പുനരധിവാസത്തിനായി ജില്ലാ ഭരണകൂടത്തിനും ലീഗൽ സർവീസസ് അതോറിറ്റിക്കും നിർദേശം നൽകി. 2004-ൽ ഒഡിഷയിലെ കൊറാപുട്ടിൽ മൂന്ന് സ്ത്രീകൾ കൊല്ലപ്പെട്ട കേസിൽ കേവലം സംശയത്തിന്റെ അടിസ്ഥാനത്തിലാണ് അർജുനെ വിചാരണക്കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. പ്രോസിക്യൂഷൻ ഹാജരാക്കിയ ഏക ദൃക്സാക്ഷിയുടെ മൊഴി അവിശ്വസനീയമാണെന്നും മൂന്നാംമുറയിലൂടെ ശേഖരിച്ച മൊഴികളെ അടിസ്ഥാനമാക്കിയാണ് വിചാരണക്കോടതി ശിക്ഷ വിധിച്ചതെന്നും ജസ്റ്റിസ് ജെ.ബി. പർദിവാലയും ജസ്റ്റിസ് കെ. വിനോദ് ചന്ദ്രനും അടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. അപ്പീൽ നൽകാൻ 3,157 ദിവസം വൈകിയെന്ന സാങ്കേതിക കാരണം പറഞ്ഞ് ഒഡിഷ ഹൈക്കോടതി ഹർജി തള്ളിയതോടെയാണ് അർജുന് 10 വർഷം കൂടി അധികമായി ജയിലിൽ കഴിയേണ്ടി വന്നത്. സമൂഹത്തിൽ അരികുവൽക്കരിക്കപ്പെട്ടവർക്ക് നീതി ഇപ്പോഴും അകലെയാണെന്നതിന് ഉദാഹരണമാണ് ഈ കേസെന്ന് വ്യക്തമാക്കിയ സുപ്രീംകോടതി, നഷ്ടപ്പെട്ട യൗവനത്തിന് പകരമാകില്ലെങ്കിലും അർജുന്റെ പുനരധിവാസത്തിനുള്ള നടപടികൾ ഉടൻ പൂർത്തിയാക്കാൻ ഉത്തരവിടുകയായിരുന്നു.
