14 ടീമുകൾ, 57 മത്സരങ്ങള്‍, 12 വേദികൾ, 2027ലെ ഏകദിന ലോകകപ്പിനുള്ള വേദികള്‍ പ്രഖ്യാപിച്ച് ഐസിസി, പട്ടികയിൽ വിക്ടോറിയ ഫോൾസും

ആഫ്രിക്കൻ വൻകരയിൽ വീണ്ടും ലോകകപ്പ് ആവേശം; 2027 ഏകദിന ലോകകപ്പ് വേദികളും ലോഗോയും ഐ.സി.സി പ്രഖ്യാപിച്ചു
ദുബൈ: 24 വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം ഏകദിന ക്രിക്കറ്റ് ലോകകപ്പ് വീണ്ടും ആഫ്രിക്കൻ മണ്ണിലേക്ക്. 2027 ഒക്ടോബർ-നവംബർ മാസങ്ങളിലായി നടക്കുന്ന ഏകദിന ലോകകപ്പിന്റെ വേദികളും ഔദ്യോഗിക ലോഗോയും അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐ.സി.സി) പ്രഖ്യാപിച്ചു. ദക്ഷിണാഫ്രിക്ക, സിംബാബ്വെ, നമീബിയ എന്നീ രാജ്യങ്ങൾ സംയുക്തമായാണ് പോരാട്ടങ്ങൾക്ക് ആതിഥേയത്വം വഹിക്കുന്നത്.
14 ടീമുകൾ മാറ്റുരയ്ക്കുന്ന മാമാങ്കത്തിൽ ആകെ 57 മത്സരങ്ങളാണുള്ളത്. മൂന്ന് രാജ്യങ്ങളിലായി 12 സ്റ്റേഡിയങ്ങളിലാണ് പോരാട്ടം നടക്കുക. ലോകത്തിലെ ഏഴ് അത്ഭുതങ്ങളിലൊന്നായ വിക്ടോറിയ ഫോൾസിന് സമീപം സിംബാബ്വെ പുതുതായി നിർമിച്ച മോസി-ഓ-തുന്യ ഇന്റർനാഷണൽ സ്റ്റേഡിയമാണ് പ്രഖ്യാപനത്തിലെ പ്രധാന ആകർഷണം.
വേദികൾ ഒറ്റനോട്ടത്തിൽ:
- ദക്ഷിണാഫ്രിക്ക (8 വേദികൾ): വാണ്ടറേഴ്സ് (ജോഹന്നസ്ബർഗ്), സൂപ്പർസ്പോർട്ട് പാർക്ക് (സെഞ്ചൂറിയൻ), ന്യൂലാൻഡ്സ് (കേപ് ടൗൺ), കിങ്സ്മീഡ് (ഡർബൻ), സെന്റ് ജോർജ് പാർക്ക് (ഗെബെഹ), മംഗാങ് ഓവൽ (ബ്ലൂംഫോണ്ടെയ്ൻ), ബോലാണ്ട് പാർക്ക് (പാർൾ), ബഫലോ പാർക്ക് (ഈസ്റ്റ് ലണ്ടൻ).
- സിംബാബ്വെ (3 വേദികൾ): മോസി-ഓ-തുന്യ ഇന്റർനാഷണൽ സ്റ്റേഡിയം (വിക്ടോറിയ ഫോൾസ്), ഹരാരെ സ്പോർട്സ് ക്ലബ് (ഹരാരെ), ക്വീൻസ് സ്പോർട്സ് ക്ലബ് (ബുലവായോ).
- നമീബിയ (1 വേദി): നമീബിയ ക്രിക്കറ്റ് ഗ്രൗണ്ട് (വിൻഡ്ഹോക്ക്).
വർണാഭമായ ചടങ്ങിൽ ലോഗോ പ്രകാശനം
ജോഹന്നസ്ബർഗിലെ ഇനാൻഡ പോളോ ക്ലബ്ബിൽ നടന്ന ചടങ്ങിലാണ് ടൂർണമെന്റിന്റെ ഔദ്യോഗിക ലോഗോ പ്രകാശനം ചെയ്തത്. ദക്ഷിണാഫ്രിക്കൻ മുൻ താരങ്ങളായ ഗ്രെയിം സ്മിത്ത്, ഹാഷിം അംല, നിലവിലെ താരങ്ങളായ ടെംബ ബവൂമ, കാഗിസോ റബാഡ, സിംബാബ്വെ താരം ഹാമിൽട്ടൺ മസകദ്സ തുടങ്ങിയ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.
‘ഞാനുണ്ട്, കാരണം നമ്മളുണ്ട്’ എന്ന പ്രസിദ്ധമായ ആഫ്രിക്കൻ ദർശനമായ ‘ഉബുണ്ടു’ ആശയത്തെ മുൻനിർത്തി “മേക്ക് ദി സർക്കിൾ ബിഗ്ഗർ” എന്നതാണ് ലോകകപ്പിന്റെ ടാഗ്ലൈൻ. ആഫ്രിക്കൻ പരമ്പരാഗത നെയ്ത്ത് പാത്രങ്ങളുടെ മാതൃകയിലാണ് ലോഗോ തയാറാക്കിയിരിക്കുന്നത്. ‘സിംബാബ്വെ ചില്ലി’, ‘നമീബ് ഡ്യൂൺ’, ‘ഹരാരെ ഡോൺ’, ‘ടു ഓഷ്യൻസ്’ എന്നീ പ്രാദേശിക നിറക്കൂട്ടുകളാണ് ലോഗോയ്ക്ക് മനോഹാരിത പകരുന്നത്.
ആഫ്രിക്കൻ വൻകരയുടെ സാംസ്കാരിക പാരമ്പര്യവും കായികപ്രേമവും ഒന്നിക്കുന്ന ഉന്നത നിലവാരത്തിലുള്ള ടൂർണമെന്റായിരിക്കും ഇതെന്നും ആഫ്രിക്കൻ ക്രിക്കറ്റിന്റെ വളർച്ചയിൽ ഇത് നിർണായക വഴിത്തിരിവാകുമെന്നും ഐ.സി.സി ചെയർമാൻ ജയ് ഷാ കൂട്ടിച്ചേർത്തു.
