സൗദി അറേബ്യയിൽ പഞ്ചാബ് സ്വദേശി പാമ്പ് കടിയേറ്റ് മരിച്ചു, മലയാളികൾ ചേർന്ന് മൃതദേഹം നാട്ടിലെത്തിച്ചു

റിയാദ്: സൗദി കിഴക്കൻ പ്രവിശ്യയിലെ ഹഫർ അൽ ബാത്തിനിൽ നിന്ന് ഏകദേശം 160 കിലോമീറ്റർ അകലെ മരുഭൂമിയിൽ പഞ്ചാബ് സ്വദേശി പാമ്പ് കടിയേറ്റ് മരിച്ചു. ഗർവിന്ദർ സിങ്ങിന്റെ (26) മൃതദേഹം മലയാളികളുടെ സജീവമായ ഇടപെടലിലൂടെയും കൂട്ടായ ശ്രമഫലമായും നിയമനടപടികൾ പൂർത്തിയാക്കി നാട്ടിലെത്തിച്ച് സംസ്കരിച്ചു.
ഷിപ്പിങ് കമ്പനിയിൽ ട്രക്ക് ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു ഗർവിന്ദർ സിങ്. ട്രക്കുമായി യാത്ര തിരിച്ചതിന് ശേഷം ഇദ്ദേഹത്തെക്കുറിച്ച് രണ്ട് ദിവസത്തോളം വിവരമൊന്നുമില്ലായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ വാഹനത്തിന്റെ ജിപിഎസ് കേന്ദ്രീകരിച്ച് ട്രക്ക് കണ്ടെത്തുകയായിരുന്നു. എന്നാൽ സംഭവസ്ഥലത്ത് ഇദ്ദേഹത്തെ കാണാത്തതിനെ തുടർന്ന് പൊലീസിൽ പരാതി നൽകി. പൊലീസ് നടത്തിയ വിശദമായ തിരച്ചിലിൽ, ട്രക്ക് നിർത്തിയിട്ടിരുന്ന സ്ഥലത്തിന് സമീപമുള്ള മരുഭൂമിയിൽ നിന്ന് ഗർവിന്ദറിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
വാഹനത്തിന് കേടുപാടുകളൊന്നും സംഭവിച്ചിരുന്നില്ലെന്നും, ആവശ്യത്തിന് ഇന്ധനവും മൊബൈൽ ഫോൺ, പഴ്സ് തുടങ്ങിയ വ്യക്തിഗത വിലപിടിപ്പുള്ള വസ്തുക്കളും ട്രക്കിൽ തന്നെയുണ്ടായിരുന്നുവെന്നും അന്വേഷണത്തിൽ വ്യക്തമായി. തുടർന്ന് നടന്ന ഫോറൻസിക് പരിശോധനയിലും പോസ്റ്റ്മോർട്ടം റിപ്പോർട്ടിലും പാമ്പ് കടിയേറ്റാണ് മരണം സംഭവിച്ചതെന്ന് അധികൃതർ ഔദ്യോഗികമായി സ്ഥിരീകരിച്ചു. സംഭവത്തിൽ മറ്റ് ദുരൂഹതകളോ കുറ്റകൃത്യങ്ങളുടെ സൂചനകളോ ഇല്ലെന്ന് വ്യക്തമായതോടെ എംബസി തലത്തിലുള്ള നടപടികൾ വേഗത്തിലാക്കുകയായിരുന്നു.
ഇന്ത്യൻ എംബസിയുടെയും ഒ.ഐ.സി.സിയുടെയും സഹകരണത്തോടെ ഹഫർ അൽ ബാത്തിൻ ഒ.ഐ.സി.സി പ്രസിഡൻറ് വിബിൻ മറ്റത്താണ് മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള മുഴുവൻ നിയമനടപടികളും ഏകോപിപ്പിച്ചത്. അമൃത്സർ വിമാനത്താവളത്തിലെത്തിച്ച മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി സംസ്കാര ചടങ്ങുകൾ നടത്തി. ബാൽവിന്ദർ സിങ് – ബാൽവിന്ദർ കൗർ ദമ്പതികളുടെ മകനാണ് മരണപ്പെട്ട ഗർവിന്ദർ സിങ്. ഗുർപീത് കൗർ ആണ് ഭാര്യ.
ദീർഘദൂര ട്രക്ക് ഡ്രൈവർമാർക്കും മരുഭൂമി മേഖലകളിൽ ജോലി ചെയ്യുന്ന പ്രവാസികൾക്കും വലിയൊരു മുന്നറിയിപ്പാണ് ഈ ദാരുണ സംഭവം. മരുഭൂമി പ്രദേശങ്ങളിൽ വാഹനം നിർത്തി പുറത്തിറങ്ങുന്ന സാഹചര്യങ്ങളിൽ ചുറ്റുപാടുകൾ അതീവ ജാഗ്രതയോടെ നിരീക്ഷിക്കണമെന്നും, പാമ്പുകളുടെ സാന്നിധ്യം ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ആവശ്യമായ സുരക്ഷാ മുൻകരുതലുകൾ കർശനമായി പാലിക്കണമെന്നും അധികൃതർ വീണ്ടും ഓർമിപ്പിക്കുന്നു.
