പുലിക്കളി സംഘങ്ങൾക്ക് കേന്ദ്ര ധനസഹായം അനുവദിച്ചു; പ്രഖ്യാപനവുമായി സുരേഷ് ഗോപി

തൃശൂർ: തൃശൂരിന്റെ തനത് കലാരൂപമായ പുലിക്കളി സംഘങ്ങൾക്കുള്ള കേന്ദ്ര ധനസഹായം ഔദ്യോഗികമായി അനുവദിച്ചതായി കേന്ദ്രമന്ത്രി സുരേഷ് ഗോപി അറിയിച്ചു.
നടപടിക്രമങ്ങളിലെ സാങ്കേതിക തടസ്സങ്ങളെ തുടർന്ന് ഫണ്ട് വൈകിയെങ്കിലും, തൃശൂരിന്റെ സാംസ്കാരിക പ്രാധാന്യം കണക്കിലെടുത്ത് പ്രത്യേക കേസായി പരിഗണിച്ചാണ് തുക അനുവദിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി. ഭാവിയിൽ കർശന മാനദണ്ഡങ്ങൾ പാലിക്കാമെന്ന സംസ്ഥാന സർക്കാരിന്റെ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് ഫണ്ട് പൂർണമായി ലഭ്യമാക്കിയത്. ഈ ഓണക്കാലത്ത് പുലിക്കളിയുടെ വർണപ്പകിട്ട് വർധിപ്പിക്കാൻ ഈ ധനസഹായം വലിയ കരുത്താകുമെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.
സുരേഷ് ഗോപിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:
ലോകപ്രസിദ്ധമായ നമ്മുടെ പുലിക്കളി സംഘങ്ങൾക്കായുള്ള കേന്ദ്ര ധനസഹായം ഔദ്യോഗികമായി അനുവദിച്ച് ഉത്തരവായിരിക്കുന്നു!
മാർഗ്ഗനിർദ്ദേശങ്ങളും നടപടിക്രമങ്ങളും കൃത്യമായി പാലിക്കപ്പെടാത്തത് കാരണം ഫണ്ട് ലഭിക്കുന്നത് വൈകിയിരുന്നെങ്കിലും, തൃശൂരിന്റെ സാംസ്കാരിക പെരുമയ്ക്കും ഈ കലാരൂപത്തിനും ഒരു തടസ്സവും വരാൻ പാടില്ല എന്ന ആഗ്രഹത്തോടെ, ഇതൊരു പ്രത്യേക കേസായി പരിഗണിച്ച് കേന്ദ്ര സർക്കാരിൽ നിന്ന് അനുമതി ലഭ്യമാക്കുകയായിരുന്നു. ഭാവിയിൽ ഇത്തരം പദ്ധതികളിൽ കർശനമായ മാനദണ്ഡങ്ങൾ പാലിക്കാമെന്ന സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക ഉറപ്പിന്റെയും അണ്ടർടേക്കിങ്ങിന്റെയും അടിസ്ഥാനത്തിലാണ് ഇപ്പോൾ ഫണ്ട് പൂർണ്ണമായി അനുവദിച്ചിരിക്കുന്നത്.
നമ്മുടെ പൊന്നോണത്തിന് പുലിക്കളിയുടെ വർണ്ണപ്പൊലിമ കൂട്ടാനും, നമ്മുടെ തനത് സംസ്കാരത്തെ ലോകത്തിന് മുന്നിൽ തലയുയർത്തി നിർത്താനും ഈ തുക വലിയൊരു കരുത്താകും. സാംസ്കാരിക നഗരത്തിന്റെ അഭിമാനമാണ് പുലിക്കളി; അതിനെ നെഞ്ചിലേറ്റാൻ നിങ്ങള്ക്കൊപ്പം എന്നും ഞാനും ഉണ്ട്.
