വിവാഹത്തിനു വിസമ്മതം; യുവതിയുടെ അച്ഛനെ ക്രൂരമായി പീഡിപ്പിക്കാൻ സൗണ്ട് പ്രൂഫ് സംവിധാനവും ഒരുക്കിയിരുന്നു!

കിളിമാനൂർ: വിവാഹത്തിനു വിസമ്മതിച്ച വൈരാഗ്യം തീർക്കാൻ യുവതിയുടെ അച്ഛനെയും സഹോദരനെയും തട്ടിക്കൊണ്ടുപോയി ക്രൂരപീഡനത്തിനിരയാക്കിയതിനു പിന്നിൽ മാസങ്ങൾ നീണ്ട ആസൂത്രണമെന്ന് പൊലീസ്. റബ്ബർ തോട്ടത്തിനു നടുവിലുള്ള വീടാണ് ഇതിനായി തെരഞ്ഞെടുത്തത്. വീടിനുള്ളിലെ ഒരു മുറി സൗണ്ട് പ്രൂഫ് ആക്കിയതും ഗൂഢാലോചനയുടെ ഭാഗമായിരുന്നു.
തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുന്നതിനായി സുധീഷിന്റെ മുത്തശ്ശിയുടെ പേരിലുള്ള പണി പൂർത്തിയാകാത്ത വീടാണ് തിരഞ്ഞെടുത്തത്. ആളൊഴിഞ്ഞ മേഖലയിൽ റബർ തോട്ടത്തിനു നടുവിലുള്ള വീട്ടിലേക്ക് ആളുകളുടെ ശ്രദ്ധ എത്തില്ലെന്ന ഉറപ്പായിരുന്നു ഇതിനു പിന്നിൽ. ആക്രമണം നടത്തുമ്പോൾ നിലവിളി ശബ്ദം പോലും വെളിയിൽ കേൾക്കാതിരിക്കാനാവും മുറി സൗണ്ട് പ്രൂഫ് ആക്കിയത്. ഇതിനായി രണ്ട് ലക്ഷം രൂപയെങ്കിലും ചെലവായി കാണുമെന്നാണ് കരുതുന്നത്.
സൗണ്ട് പ്രൂഫ് ആക്കിയ മുറിയിലെ ഇരുമ്പ് തൂണിലാണ് അനിൽ കുമാറിനെ കെട്ടിയിട്ട് മർദിച്ചത്. യുവതിയുടെ പിതാവ് അനിൽ കുമാർ മേസ്തിരിയാണ്. അതിനാൽ വീടിന്റെ പണിക്കെന്ന് പറഞ്ഞ് ഒരു മാസം മുമ്പ് അനിലിനെ ഇവിടെയെത്തിച്ചിരുന്നു. വിദേശത്തുള്ള വീടിന്റെ ഉടമ പണം അയയ്ക്കുമ്പോൾ പണി തുടങ്ങണം എന്ന് പറഞ്ഞായിരുന്നു അന്ന് പിരിഞ്ഞത്. ഉടമ പണം അയച്ചുവെന്നും പണിയുടെ കാര്യങ്ങൾ സംസാരിക്കുന്നതിന് എത്തണമെന്നും പറഞ്ഞ് വ്യാഴാഴ്ച ഫോൺ ലഭിച്ചതിനെ തുടർന്നാണ് അനിൽ കുമാർ വെള്ളല്ലൂർ വട്ടവിളയിലെ വീട്ടിൽ എത്തിയത്.
അനിൽ എത്തിയതിനു പിന്നാലെ യുവതിയുടെ സഹോദരനെയും പ്രതികൾ വിളിച്ചുവരുത്തി മർദ്ദിച്ചു. അനിൽകുമാറിന്റെ ഭാര്യ സ്വപ്നയെ വിളിച്ചു വരുത്താനായി മകനെ കൂട്ടി അക്രമി സംഘത്തിലെ ഒരാൾ അവരുടെ വീട്ടിലേക്ക് ചെന്നു. വീട്ടിനുള്ളിൽ കയറിയ സമയത്താണ് മകൻ അമ്മയെ വിവരമറിയിച്ചത്. അവർ നൽകിയ വിവരമനുസരിച്ച് വർക്കല പൊലീസ് വട്ടവിളയിലെ വീട്ടിലെത്തിയാണ് അനിൽ കുമാറിനെ മോചിപ്പിച്ചത്. ഇയാളെ ആശുപത്രിയിലാക്കി. പ്രതികളിൽ നാലുപേരെ പൊലീസ് തിരിച്ചറിഞ്ഞു.
