
സാമ്പത്തിക ക്രമക്കേട് കേസ്: യുഎസിലെ മുൻ കൗണ്ടി ജഡ്ജി കെ.പി. ജോർജിന് ടെക്സസ് കോടതി ശിക്ഷ വിധിച്ചു
ടെക്സസ്: കള്ളപ്പണം വെളുപ്പിക്കൽ, സാമ്പത്തിക ക്രമക്കേട് എന്നീ ഗുരുതരമായ രണ്ട് കേസുകളിൽ ഫോർട്ട് ബെൻഡ് കൗണ്ടി മുൻ ചീഫ് ജഡ്ജി കെ.പി. ജോർജ് കുറ്റക്കാരനാണെന്ന് ടെക്സസ് കോടതി കണ്ടെത്തി. കേസിൽ അദ്ദേഹം കുറ്റക്കാരനാണെന്ന് വ്യക്തമായതിനെ തുടർന്ന് കോടതി ശിക്ഷ പ്രഖ്യാപിക്കുകയായിരുന്നു.
സാമ്പത്തിക ക്രമക്കേട് കേസിൽ കെ.പി. ജോർജിന് കൗണ്ടി ജയിലിൽ 180 ദിവസത്തെ തടവുശിക്ഷ വിധിച്ചു. ജയിൽവാസത്തിന് പുറമെ 5 വർഷത്തെ പ്രൊബേഷനും 5,000 ഡോളർ കോടതി പിഴയും അദ്ദേഹം ഒടുക്കേണ്ടി വരും. ജയിൽ ശിക്ഷയ്ക്ക് പകരം കമ്മ്യൂണിറ്റി മേൽനോട്ടം മാത്രം അനുവദിക്കണമെന്ന പ്രതിഭാഗം അഭിഭാഷകരുടെ ആവശ്യങ്ങൾ കോടതി അംഗീകരിച്ചില്ല.

പത്തനംതിട്ട സ്വദേശിയായ കെ.പി. ജോർജ് അമേരിക്കയിലെ ഒരു കൗണ്ടിയുടെ തലപ്പത്ത് എത്തുന്ന ആദ്യ മലയാളി എന്ന നിലയിൽ ഏറെ പ്രശസ്തനായിരുന്നു. എന്നാൽ തിരഞ്ഞെടുപ്പ് പ്രചാരണ ഫണ്ട് സ്വന്തം ആവശ്യങ്ങൾക്കായി ദുരുപയോഗം ചെയ്തു എന്ന കുറ്റാരോപണം അദ്ദേഹത്തിന്റെ കരിയറിന് കനത്ത തിരിച്ചടിയായി. 2019-ൽ തന്റെ കാമ്പെയ്ൻ അക്കൗണ്ടിൽ നിന്ന് 46,500-ലധികം ഡോളർ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റി വീടിന്റെ പ്രോപ്പർട്ടി ടാക്സ് അടയ്ക്കാനും കാർ പേയ്മെന്റുകൾക്കുമായി ഉപയോഗിച്ചെന്ന് പ്രോസിക്യൂഷൻ തെളിയിച്ചു. ഈ ഇടപാടുകൾ കാമ്പെയ്ൻ ഫിനാൻസ് റിപ്പോർട്ടുകളിൽ തെറ്റായ രീതിയിലാണ് കാണിച്ചതെന്ന് അന്വേഷണസംഘം കണ്ടെത്തുകയായിരുന്നു.
കേസുകളെ തുടർന്ന് ഡെമോക്രാറ്റിക് പാർട്ടിയിൽ നിന്നും റിപ്പബ്ലിക്കൻ പാർട്ടിയിലേക്ക് ചേക്കേറിയ ജോർജിന് 2026 മാർച്ചിലെ പ്രൈമറി തിരഞ്ഞെടുപ്പിൽ പരാജയം നേരിടേണ്ടി വന്നു. ഒടുവിൽ കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതോടെ അദ്ദേഹത്തെ സ്ഥാനത്തുനിന്ന് സസ്പെൻഡ് ചെയ്യുകയും പകരം ഡാനിയൽ വോങ്ങിനെ പുതിയ ജഡ്ജിയായി നിയമിക്കുകയുമുണ്ടായി.
