അധിക്ഷേപിച്ച കുട്ടികളോട് ക്ഷമിക്കുന്നുവെന്ന് പ്രധാനമന്ത്രി മോദി; നിയമനടപടികൾ ഒഴിവാക്കണമെന്ന് അഭ്യർത്ഥന

ന്യൂഡൽഹി: പരീക്ഷാ ക്രമക്കേടുകൾക്കെതിരായ പ്രതിഷേധത്തിനിടെ തനിക്കെതിരെ അധിക്ഷേപകരമായ പരാമർശങ്ങൾ നടത്തിയ യുവാക്കൾക്ക് മാപ്പുനൽകുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇവർക്കെതിരായ നിയമനടപടികൾ ഒഴിവാക്കണമെന്നും സ്നേഹത്തോടെ ശരിയായ വഴിയിലേക്ക് നയിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. ഔദ്യോഗിക ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പങ്കുവെച്ച വീഡിയോ സന്ദേശത്തിലാണ് പ്രധാനമന്ത്രി നിലപാട് വ്യക്തമാക്കിയത്.
അസഭ്യവർഷങ്ങൾ കൊണ്ടോ നിയമനടപടികൾ കൊണ്ടോ ഒരു പ്രശ്നത്തിനും പരിഹാരമാകില്ലെന്ന് മോദി ചൂണ്ടിക്കാട്ടി. “തെറ്റ് പറ്റിയ കുട്ടികളെ ശിക്ഷിക്കുന്നതിന് പകരം അവരെ തിരുത്താൻ അവസരം നൽകണം. കുട്ടികൾക്ക് തെറ്റുകൾ പറ്റുന്നത് പ്രായത്തിന്റെ പ്രത്യേകതയാണ്. അവരെ കോടതി വ്യവഹാരങ്ങളിൽ കുടുക്കാതെ ചേർത്തുപിടിക്കുകയാണ് വേണ്ടത്. ക്രിമിനൽ നടപടികളിലൂടെ വേട്ടയാടുന്നത് സാഹചര്യം മെച്ചപ്പെടുത്തില്ല, സമൂഹം ഇക്കാര്യത്തിൽ വിശാലമനസ്കത കാണിക്കണം” – പ്രധാനമന്ത്രി പറഞ്ഞു.
ജൂലൈ 23-ന് ജന്തർമന്തറിൽ ‘കോക്രോച്ച് ജന്തർ പാർട്ടി’യുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധത്തിനിടെയാണ് 25 വയസ്സുള്ള യുവതിയടക്കമുള്ളവർ പ്രധാനമന്ത്രിക്കും അദ്ദേഹത്തിന്റെ അന്തരിച്ച അമ്മയ്ക്കുമെതിരെ അധിക്ഷേപകരമായ പരാമർശങ്ങൾ നടത്തിയത്. സംഭവത്തിൽ നോയിഡ പോലീസ് സീറോ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുകയും പിന്നീട് കേസ് ഡൽഹി പാർലമെന്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷനിലേക്ക് കൈമാറുകയും ചെയ്തിരുന്നു.
അസഭ്യം കൊണ്ട് ഒന്നും നേടാനാകില്ലെന്നും, വഴിതെറ്റിയവരെ ശരിയായ ദിശയിലേക്ക് നയിച്ച് രാജ്യപുരോഗതിക്കായി എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കണമെന്നും പ്രധാനമന്ത്രി ആഹ്വാനം ചെയ്തു..
