മനസ്സിനു വ്യായാമം നൽകൂ, ഏകാന്തത ഉപേക്ഷിക്കൂ; 101 വയസ്സിലെ ‘ചെറുപ്പക്കാരി’ പറയുന്ന ആരോഗ്യ രഹസ്യങ്ങൾ

ന്യൂയോർക്ക്: പ്രായമാകുമ്പോൾ ഓർമ്മക്കുറവും ശാരീരിക ബുദ്ധിമുട്ടുകളും സ്വാഭാവികമാണെന്നാണ് പൊതുവെ പറയാറുള്ളത്. എന്നാൽ, ന്യൂയോർക്കിൽ നിന്നുള്ള 101 കാരിയായ ഐലീൻ ലെവിന്റെ ജീവിതം ഈ ധാരണകളെല്ലാം തിരുത്തിക്കുറിക്കുകയാണ്. പ്രായത്തെ വെല്ലുന്ന ഊർജ്ജസ്വലതയോടെ ഇപ്പോഴും കർമ്മനിരതയായി തുടരുകയാണ് ഈ വയോധിക.
വ്യായാമങ്ങളുടെയോ കഠിനമായ ശീലങ്ങളുടെയോ പിൻബലത്തിലല്ല ഐലീന്റെ ഈ ചെറുപ്പം. തനിച്ചു താമസിക്കുന്ന അവർ പ്രത്യേകിച്ചൊരു വ്യായാമവും ചെയ്യാറില്ല എന്നതാണ് കൗതുകകരമായ വസ്തുത. എങ്കിലും, ദീർഘകാലവും സജീവവുമായി ജീവിക്കാൻ തനിക്ക് തുണയായ മൂന്ന് പ്രധാന ശീലങ്ങളെക്കുറിച്ച് അവർ പങ്കുവെക്കുന്നുണ്ട്.
ഈ പ്രായത്തിലും പ്രൊഫഷണൽ പ്രസിദ്ധീകരണങ്ങളുടെ കോപ്പി-എഡിറ്റിംഗ് ജോലികൾ ചെയ്യാനും, നിരവധിയായ വാർത്താക്കുറിപ്പുകൾ വായിക്കാനും, യുവതീയുവാക്കളെ പോലും അമ്പരപ്പിക്കുന്ന രീതിയിൽ തിരക്കുള്ള സാമൂഹിക ജീവിതം നയിക്കാനും അവർക്ക് കഴിയുന്നുണ്ട്. വെറുതെയിരിക്കുന്ന ശരീരത്തേക്കാൾ, തിരക്കുകളിൽ വ്യാപൃതമാകുന്ന മനസ്സാണ് പ്രായത്തെ ചെറുക്കുന്നതെന്നാണ് ഐലീന്റെ ഉറച്ച വിശ്വാസം.
1. ശരീരത്തിനല്ല, മനസ്സിന് വ്യായാമം നൽകുക
തന്റെ കഴിവുകൾക്ക് ഇടിവൊന്നും സംഭവിച്ചിട്ടില്ലെന്ന് തെളിയിക്കുകയാണ് ഐലീൻ. രാവിലെ എഴുന്നേറ്റ ഉടൻ രണ്ട് പ്രമുഖ ദിനപത്രങ്ങളും ‘ന്യൂയോർക്കറും’ വായിക്കുന്നതും അതിലെ ക്രോസ്വേഡുകൾ പൂരിപ്പിക്കുന്നതുമാണ് ഇവരുടെ രീതി. ദിവസവും വിവിധ മാധ്യമങ്ങളിലൂടെ വാർത്തകൾ വായിച്ചറിയുന്ന അവർ, വൈകുന്നേരങ്ങളിൽ ‘ജിയോപാർഡി!’ പോലുള്ള ഗെയിം ഷോകൾ കാണുന്നതും പതിവാക്കിയിട്ടുണ്ട്.
2. ഉപയോഗപ്രദമായ ജോലികൾ തുടരുക
16-ാം വയസ്സിൽ കോളേജിൽ ചേർന്ന ഐലീൻ, വിദ്യാർത്ഥി പത്രത്തിന്റെ എഡിറ്ററായി പ്രവർത്തിച്ചിട്ടുണ്ട്. കൊളംബിയ യൂണിവേഴ്സിറ്റിയിൽ നിന്ന് ജേർണലിസത്തിൽ മാസ്റ്റർ ബിരുദം നേടിയ ശേഷം ഫ്രാൻസ്, ജമെയ്ക, ഹെയ്തി തുടങ്ങിയ രാജ്യങ്ങളിൽ സേവനം അനുഷ്ഠിച്ചു. ന്യൂയോർക്ക് ടൈംസ് അടക്കമുള്ള മാധ്യമങ്ങളിലും പബ്ലിക് റിലേഷൻസ് രംഗത്തും പ്രവർത്തിച്ച അവർ, 2008 മുതൽ ‘മൊമെന്റ്’ എന്ന മാസികയുടെ സീനിയർ എഡിറ്ററാണ്. എല്ലാ ബുധനാഴ്ചയും വീഡിയോ കോളിലൂടെ പുതിയ ലക്കം പ്രൂഫ് റീഡ് ചെയ്യുന്നത് ഇന്നും മുടക്കാറില്ല.
3. സാമൂഹിക ബന്ധങ്ങൾ സജീവമാക്കുക
സാമൂഹിക ബന്ധങ്ങൾ ഒരിക്കലും അവസാനിപ്പിക്കാതിരിക്കുക എന്നതാണ് ഐലീൻ നൽകുന്ന മറ്റൊരു പ്രധാന ടിപ്പ്. ഭർത്താവിന്റെ വിയോഗത്തിന് ശേഷവും അയൽക്കാരെ ഉൾപ്പെടുത്തി ‘ബ്രിഡ്ജ്’ കളി അവർ പതിവാക്കിയിരുന്നു. നിലവിൽ വ്യാഴാഴ്ചകളിൽ ‘പോക്കർ’ കളിക്കാറുണ്ട്. കൂടാതെ, മക്കളോടൊപ്പം ബ്രിട്ടീഷ് സീരീസുകൾ കാണുന്നതും അവരുടെ വിനോദമാണ്.
97 വയസ്സിൽ എഴുതിയ തന്റെ ആത്മകഥയിൽ തന്റെ ജീവിത വീക്ഷണത്തെക്കുറിച്ച് ഐലീൻ കുറിച്ച അഞ്ച് വാക്കുകൾ പ്രായമാകുന്നതിനെക്കുറിച്ച് ചിന്തിക്കുന്ന ഏതൊരാൾക്കും മാതൃകയാണ്:
