മകൾ മാൾട്ടിക്ക് ദുർഗ്ഗാ സപ്തശതി മന്ത്രങ്ങൾ പഠിപ്പിച്ച് പ്രിയങ്ക ചോപ്ര; വീഡിയോ

ന്യൂഡൽഹി: ബോളിവുഡിലും ഹോളിവുഡിലും ഒരുപോലെ തിളങ്ങിനിൽക്കുന്ന പ്രിയങ്ക ചോപ്ര, അഭിനയത്തോടൊപ്പം മാതൃത്വവും മനോഹരമായി മുന്നോട്ടുകൊണ്ടുപോകുന്നു. ഭർത്താവ് നിക്ക് ജോനാസിനും മകൾ മാൾട്ടി മേരിക്കുമൊപ്പമുള്ള വിശേഷങ്ങൾ താരം പലപ്പോഴും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ, തനിക്ക് ‘മാമ’, ‘മാമസിത’ എന്നിങ്ങനെ രണ്ട് വ്യത്യസ്ത വ്യക്തിത്വങ്ങളുണ്ടെന്ന് വ്യക്തമാക്കി പ്രിയങ്ക ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച പുതിയ വീഡിയോ ആരാധകരുടെ ശ്രദ്ധ നേടുന്നു.
വീഡിയോയുടെ ആദ്യ ഭാഗത്ത് മകൾ മാൾട്ടിയെ സ്നേഹത്തോടെ കൈകളിൽ പിടിച്ച് ദുർഗ്ഗാ സപ്തശതിയിലെ മന്ത്രങ്ങൾ പറഞ്ഞുകൊടുക്കുന്ന പ്രിയങ്കയെയാണ് കാണാൻ സാധിക്കുന്നത്. എന്നാൽ അടുത്ത നിമിഷത്തിൽ തികച്ചും വ്യത്യസ്തമായ മറ്റൊരു മുഖമാണ് താരം കാട്ടിത്തന്നത്; മനോഹരമായ സ്റ്റൈലിഷ് വസ്ത്രം ധരിച്ച് ഡാൻസ് ഫ്ലോറിൽ തകർപ്പൻ ചുവടുകൾ വെക്കുന്ന പ്രിയങ്കയെയാണ് പിന്നീട് വീഡിയോയിൽ കാണുന്നത്.
2018 ഡിസംബറിലായിരുന്നു പ്രിയങ്ക ചോപ്രയും നിക്ക് ജൊനാസും വിവാഹിതരായത്. തുടർന്ന് 2022 ജനുവരിയിൽ വാടക ഗർഭധാരണത്തിലൂടെ ദമ്പതികൾക്ക് മകൾ മാൾട്ടി മേരി ചോപ്ര ജനിച്ചു. കുഞ്ഞ് പിറന്നതുമുതൽ തങ്ങളുടെ വിശേഷങ്ങളെല്ലാം ഇവർ ആരാധകരുമായി പങ്കുവെക്കാറുണ്ട്.
കഴിഞ്ഞ ജൂലൈയിൽ മാൾട്ടി തന്റെ മുത്തശ്ശിയായ ഡോ. മധു ചോപ്രയ്ക്കൊപ്പം നീന്തൽക്കുളത്തിന് സമീപം കൈപിടിച്ച് നടന്നുപോകുന്ന ചിത്രം പ്രിയങ്ക പങ്കുവെച്ചിരുന്നു. പിങ്ക് ടോപ്പും വെള്ള ട്രൗസറും ധരിച്ച മാൾട്ടിയുടെ ആ ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
കൂടാതെ, പ്രിയങ്ക ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ പങ്കുവെച്ച മറ്റൊരു ദൃശ്യവും ആരാധകരുടെ മനസ്സ് കീഴടക്കി. ടെലിവിഷന് മുന്നിലിരുന്ന് ‘ഗുണ്ടേ’ എന്ന ചിത്രത്തിലെ അമ്മയുടെ ‘തൂനേ മാരി എൻട്രിയാൻ’ എന്ന ഗാനം പൂർണ്ണ ശ്രദ്ധയോടെ ആസ്വദിക്കുന്ന കൊച്ചു മാൾട്ടിയുടെ ദൃശ്യത്തിനൊപ്പം ‘ആര് കരുതിയിരുന്നു?’ എന്ന് കുറിച്ച പ്രിയങ്ക, ഭർത്താവ് നിക്ക് ജൊനാസിനെയും ടാഗ് ചെയ്തിരുന്നു.
