ട്രംപിന്റെ കാലാവധി തീരുംവരെ യുദ്ധം; ബോംബുകൾ വേണ്ട; അവസാന നിമിഷം വരെ മിസൈൽ പ്രയോഗിക്കും; ഇറാൻ

ടെഹ്റാൻ: അമേരിക്കയുടെയും ഇസ്രായേലിന്റെയും കടന്നാക്രമണങ്ങൾക്ക് ശക്തമായ തിരിച്ചടി നൽകുമെന്നും മിഡിൽ ഈസ്റ്റിലെ യുദ്ധം അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ കാലാവധി അവസാനിക്കുന്ന 2029 ജനുവരി 20 വരെ നീണ്ടുനിൽക്കാൻ സാധ്യതയുണ്ടെന്നും ഇറാൻ. ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐ.ആർ.ജി.സി) ജനറലും ഇറാൻ പരമോന്നത നേതാവ് മൊജ്തബ ഖമനേയിയുടെ അടുത്ത അനുയായിയുമായ മൊഹമ്മദ് റെസ നഖ്ദിയാണ് ഒരു വാർത്താ ചാനലിന് നൽകിയ അഭിമുഖത്തിൽ ഇക്കാര്യം വ്യക്തമാക്കിയത്.
ഇറാനെ ആക്രമിച്ചാൽ കനത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് ലോകത്തിന് വ്യക്തമായ സന്ദേശം നൽകാനാണ് ഈ നീക്കമെന്ന് നഖ്ദി പറഞ്ഞു. കഴിഞ്ഞ അഞ്ച് മാസത്തെ യുദ്ധത്തിലൂടെ യു.എസിനെതിരെ എങ്ങനെ പോരാടണമെന്ന് തങ്ങൾ പഠിച്ചുകഴിഞ്ഞു. ഭാവിയിൽ ശത്രുക്കൾ ഇറാനെ ആക്രമിക്കാൻ മുതിരാത്ത വിധത്തിലുള്ള പ്രതിരോധ ശേഷി കൈവരിക്കുകയാണ് യുദ്ധം നീട്ടിക്കൊണ്ടുപോകുന്നതിലൂടെ ലക്ഷ്യമിടുന്നത്. അമേരിക്ക ആണവാക്രമണം നടത്തിയാൽ അത് അവരുടെ വലിയ അബദ്ധമായിരിക്കും. ലോകമെമ്പാടുമുള്ള യു.എസ് സൈനിക താവളങ്ങൾ പിടിച്ചെടുക്കപ്പെടാൻ അത് വഴിവെക്കും. തങ്ങൾക്ക് ആണവായുധങ്ങളുടെ ആവശ്യമില്ലെന്നും ജനങ്ങളുടെ പിന്തുണയാണ് തങ്ങളുടെ ഏറ്റവും വലിയ കരുത്തെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തങ്ങൾക്ക് അമേരിക്കൻ ജനതയോട് ശത്രുതയില്ലെന്നും 70-ലധികം രാജ്യങ്ങളെ ആക്രമിച്ച അമേരിക്കൻ ഭരണകൂടത്തിനെതിരെയാണ് “ഡെത്ത് ടു അമേരിക്ക” എന്ന മുദ്രാവാക്യമെന്നും നഖ്ദി വ്യക്തമാക്കി. യുദ്ധം വർഷങ്ങളോളം നീണ്ടുനിന്നാലും അവസാന നിമിഷം വരെ പ്രയോഗിക്കാനുള്ള മിസൈലുകൾ ഇറാന്റെ കൈവശമുണ്ടെന്നും അത് നിർമ്മിക്കാനുള്ള മറ്റ് വഴികൾ അറിയാമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ജൂൺ 17-ന് ഒപ്പുവെച്ച 14 ഇന സമാധാന കരാർ തകർന്നതിന് ശേഷം യു.എസും ഇറാനും തമ്മിലുള്ള ചർച്ചകളിൽ യാതൊരു പുരോഗതിയുമില്ലെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.
