“ഗൾഫ് മേഖല യുദ്ധഭീതിയിൽ: യുഎഇ, ഖത്തർ, ബഹ്റൈൻ, കുവൈത്ത് എന്നിവിടങ്ങളിൽ ജാഗ്രത ശക്തമാക്കി”

ഗൾഫിൽ വീണ്ടും യുദ്ധഭീതി; അഞ്ച് രാജ്യങ്ങളിൽ വ്യോമാക്രമണ മുന്നറിയിപ്പ്, മിസൈൽ-ഡ്രോൺ ഭീഷണികൾ തകർത്തു
ദുബൈ: യുഎസ്–ഇറാൻ ധാരണയ്ക്ക് തൊട്ടുപിന്നാലെ ഗൾഫ് മേഖലയെ വീണ്ടും യുദ്ധഭീതിയിലാഴ്ത്തി മിസൈൽ-ഡ്രോൺ ആക്രമണശ്രമങ്ങൾ. യുഎഇ, ഖത്തർ, ബഹ്റൈൻ, കുവൈത്ത്, ഒമാൻ എന്നീ രാജ്യങ്ങളുടെ വ്യോമാതിർത്തികളിൽ ആക്രമണ റിപ്പോർട്ടുകൾ പുറത്തുവന്നതോടെ മേഖലയിൽ വ്യോമാക്രമണ മുന്നറിയിപ്പ് പ്രഖ്യാപിക്കുകയും ആശങ്ക ശക്തമാകുകയും ചെയ്തു.
- യുഎഇ: ഏകദേശം 69 ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് യുഎഇയ്ക്ക് നേരെ ഇത്തരമൊരു ആക്രമണശ്രമം ഉണ്ടാകുന്നത്. ഇറാനിൽ നിന്നുള്ള മിസൈലുകളും ഡ്രോണുകളും യുഎഇ വ്യോമാതിർത്തി ലക്ഷ്യമിട്ടെത്തിയതായാണ് വിവരം.
- ഖത്തർ: ഖത്തറിലെ പ്രമുഖ യുഎസ് വ്യോമതാവളമായ അൽ ഉദെയ്ദിലെ യുദ്ധവിമാനങ്ങളുടെ അറ്റകുറ്റപ്പണി നടത്തുന്ന ഭാഗം ലക്ഷ്യമിട്ടായിരുന്നു ഇറാന്റെ ബാലിസ്റ്റിക് മിസൈൽ ആക്രമണം.
- കുവൈത്ത്: കുവൈത്തിന്റെ ആകാശപരിധിയിലും ഇറാനിയൻ ഡ്രോണുകൾ പ്രവേശിച്ചതായി സൈന്യം സ്ഥിരീകരിച്ചു. ഉച്ചയ്ക്ക് ശേഷം രണ്ട് തവണ വ്യോമാക്രമണ മുന്നറിയിപ്പ് സൈറണുകൾ മുഴങ്ങിയത് ജനങ്ങളിൽ പരിഭ്രാന്തി പരത്തി.
- ബഹ്റൈൻ: ബഹ്റൈനിലും ഇന്നലെ മൂന്ന് തവണയാണ് സുരക്ഷാ സൈറണുകൾ മുഴങ്ങിയത്.
- ഒമാൻ: ഹോർമൂസ് കടലിടുക്കിന്റെ നിയന്ത്രണവുമായി ബന്ധപ്പെട്ട് ഇറാൻ വിദേശകാര്യ മന്ത്രിയുമായി ചർച്ച നടന്നതിന് പിന്നാലെയാണ് ഒമാനിൽ ആക്രമണമുണ്ടായത്. ഒമാനിലെ ദുഖം തുറമുഖത്ത് അമേരിക്കൻ യുദ്ധവിമാനങ്ങൾക്ക് ഇന്ധനം നിറയ്ക്കുന്ന സംവിധാനവും നാവികസേനാ ബോട്ടുകൾക്കുള്ള വിതരണ കേന്ദ്രവും ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് ഇറാൻ റെവല്യൂഷണറി ഗാർഡ് അവകാശപ്പെട്ടു. ഈ ആക്രമണത്തിൽ ഒമാൻ ഭരണകൂടം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ട്.
പ്രതിരോധം ശക്തം; സമുദ്രപാത തുറന്നുതന്നെ ഇറാൻ നടത്തിയ ഈ ആക്രമണ ഭീഷണികളെയെല്ലാം ബന്ധപ്പെട്ട രാജ്യങ്ങളുടെ വ്യോമപ്രതിരോധ സംവിധാനങ്ങൾ ആകാശത്തുവെച്ചുതന്നെ വിജയകരമായി തകർത്തതായി അധികൃതർ വ്യക്തമാക്കി. നിലവിൽ ഹോർമൂസ് കടലിടുക്കിലൂടെയുള്ള ഗതാഗതത്തിന് ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും, തെക്കൻ സമുദ്രപാത സുരക്ഷിതമായി തുറന്നുകിടക്കുകയാണെന്ന് സംയുക്ത മാരിടൈം ഇൻഫർമേഷൻ സെന്റർ അറിയിച്ചു.
