ഗൾഫിൽ കനത്ത ചൂടിനിടയിലും അസ്ഥിര കാലാവസ്ഥ; ഓഗസ്റ്റ് 6 വരെ മഴ മുന്നറിയിപ്പ്

അബുദാബി: സൗദി അറേബ്യ, ഒമാൻ, യുഎഇ തുടങ്ങിയ ഗൾഫ് രാജ്യങ്ങളിൽ വരുന്ന ദിവസങ്ങളിലും അസ്ഥിര കാലാവസ്ഥ തുടരുമെന്ന് ഔദ്യോഗിക മുന്നറിയിപ്പ്. ഇതിന്റെ ഭാഗമായി യുഎഇയിൽ ഓഗസ്റ്റ് 6 വരെ വിവിധ പ്രദേശങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം (NCM) അറിയിച്ചു.
കിഴക്ക് നിന്നുള്ള ന്യൂനമർദ്ദത്തിന്റെ സ്വാധീനഫലമായി ഓഗസ്റ്റ് 2 മുതൽ 6 വരെയുള്ള തീയതികളിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കാർമേഘങ്ങൾ രൂപപ്പെടാനും തുടർന്ന് മഴ പെയ്യാൻ സാധ്യതയുണ്ട്. ഫുജൈറയിലെ മസാഫി ഉൾപ്പെടെയുള്ള മേഖലകളിൽ കഴിഞ്ഞ ദിവസം ശക്തമായ മഴ ലഭിച്ചിരുന്നു. കൊടും വേനലിനിടയിൽ അനുഭവപ്പെടുന്ന ഈ അപൂർവ്വ പ്രതിഭാസത്തിന് കാരണം ‘എൽ നിനോ’യുടെ സ്വാധീനമാണെന്ന് വിദഗ്ദ്ധർ വ്യക്തമാക്കുന്നു. അബുദാബിയിലെ അൽ ശവാമെഖിൽ താപനില 50 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്ന കടുത്ത ചൂടിനിടയിലാണ് ഈ മഴ മുന്നറിയിപ്പ് എന്നത് ശ്രദ്ധേയമാണ്.
സൗദി അറേബ്യയിലും മഴ ശക്തമാകുമെന്നാണ് പ്രവചനം. അസീർ, ജാസാൻ, അൽ ബഹ, മക്കയുടെ മലയോര മേഖലകൾ, നജ്റാൻ എന്നിവിടങ്ങളിൽ വാരാന്ത്യം വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. ജനങ്ങൾ ഔദ്യോഗിക ചാനലുകൾ വഴി ജാഗ്രതാ നിർദ്ദേശങ്ങൾ പാലിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.
കൂടാതെ, ഒമാനിലെ ഹജർ പർവ്വതനിരകളിൽ കുമുലോനിംബസ് മേഘങ്ങൾ രൂപപ്പെട്ട് ശക്തമായ കാറ്റോടുകൂടിയ ഇടിമിന്നൽ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വടക്കൻ അൽ ശർഖിയ, തെക്കൻ അൽ ശർഖിയ, അൽ ദാഹിറ തുടങ്ങിയ ഗവർണറേറ്റുകളിലേക്കും മഴ വ്യാപിക്കാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്.
