കുവൈത്തിൽ ഒരാഴ്ചയ്ക്കിടെ മയക്കുമരുന്ന്, മദ്യക്കേസുകളിൽ 29 പേർ പിടിയിൽ; 108 പേരെ നാടുകടത്തൽ വിഭാഗത്തിന് കൈമാറി

കുവൈത്ത് സിറ്റി: രാജ്യത്ത് സുരക്ഷാ പരിശോധന ശക്തമാക്കിയതോടെ ഒരാഴ്ചയ്ക്കിടെ മയക്കുമരുന്ന്, മദ്യക്കേസുകളിൽ 29 പേർ പിടിയിലായതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഓഗസ്റ്റ് 2 മുതൽ 9 വരെയുള്ള ദിവസങ്ങളിൽ നടത്തിയ വ്യാപക പരിശോധനകളിലാണ് ഇവർ വലയിലായത്.
വിവിധ സിവിൽ, ക്രിമിനൽ കേസുകളിൽ രാജ്യത്ത് തിരഞ്ഞു കൊണ്ടിരുന്ന 129 പേരെയും ഇതേ കാലയളവിൽ സുരക്ഷാ വിഭാഗം കസ്റ്റഡിയിലെടുത്തു. താമസ-തൊഴിൽ നിയമങ്ങൾ ലംഘിച്ചതിന് പിടിയിലായ 108 പേരെ അഡ്മിനിസ്ട്രേറ്റീവ് ഡിപ്പോർട്ടേഷൻ (നാടുകടത്തൽ) വിഭാഗത്തിന് കൈമാറിയിട്ടുണ്ട്.
അതിനിടെ, തലസ്ഥാനത്തും സമീപ പ്രദേശങ്ങളിലുമായി ഒരാഴ്ചയ്ക്കുള്ളിൽ 1,119 വാഹനാപകടങ്ങൾ റിപ്പോർട്ട് ചെയ്തതായും അധികൃതർ വ്യക്തമാക്കി. ഇതിൽ 141 അപകടങ്ങളിൽ ആളുകൾക്ക് ഗുരുതര പരിക്കേൽക്കുകയോ ജീവഹാനി സംഭവിക്കുകയോ ചെയ്തിട്ടുണ്ട്. ഗതാഗത നിയമലംഘനങ്ങൾ തടയുന്നതിന്റെ ഭാഗമായി 30,245 നേരിട്ടുള്ള ട്രാഫിക് കേസുകൾ രജിസ്റ്റർ ചെയ്തതായും ആഭ്യന്തര മന്ത്രാലയം കൂട്ടിച്ചേർത്തു.
